തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്‍റെ വൻ ജയത്തിന് കാരണം ശബരിമലയാണെന്നും യുഡിഎഫ് യോഗം വിലയിരുത്തി. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്നങ്ങൾ ആ പാർട്ടി തന്നെ പരിഹരിക്കണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. 

ലോക്സഭാ തെരഞ്ഞെടുപ്പിനേയും യുഡിഎഫ് വിജയത്തേയും സ്വാധീനിച്ച പ്രധാന ഘടകം ശബരിമല തന്നെയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല യുവതി പ്രവേശനം തടയാൻ നിയമം കൊണ്ടുവരും. വിശ്വാസം സംരക്ഷിക്കും. മത ന്യൂനപക്ഷങ്ങളുടെ വോട്ടും യുഡിഎഫിനും അനുകൂലമായെന്ന് യുഡിഎഫ് യോഗം വിലയിരുത്തി.

ഘടകകക്ഷികളുടെ ആഭ്യന്തര പ്രശ്നങ്ങൾ മുന്നണിയെ ബാധിക്കരുതെന്ന് യുഡിഎഫ് യോഗം നിര്‍ദേശിച്ചു. പ്രശ്നങ്ങള്‍ എത്രയും വേഗം രമ്യമായി പരിഹരിക്കണം .കേരള കോണ്‍ഗ്രസ് എമ്മിൻറെ പേരെടുത്ത് പറയാതെയായിരുന്നു മുതിര്‍ന്ന നേതാക്കളുടെ പരാമര്‍ശം. ആലപ്പുഴയിലെ തോല്‍വിയെക്കുറിച്ച് കോണ്‍ഗ്രസ് നേതൃ യോഗം വിശദമായി ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.