തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ അംഗബലമുള്ളതുകൊണ്ട് അവിശ്വാസ പ്രമേയം തള്ളി. എന്നാല്‍ സഭാ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് പ്രതിപക്ഷത്തിന് സര്‍ക്കാരിനെ തുറന്ന് കാണിക്കാനായെന്ന് ചെന്നിത്തല പറഞ്ഞു.

സഭയില്‍ ഉന്നയിക്കപ്പെട്ട പല  അഴിമതി ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. സ്പ്രിംഗ്ലര്‍, പമ്പയിലെ മണല്‍ക്കടത്ത്, ബെവ്കോ, സിവില്‍ സ്പ്ലൈസിലെ അഴിമതി, അദാനിയെ സംരക്ഷിക്കല്‍ തുടങ്ങിയ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായില്ല. ദീര്‍ഘമായ പ്രസംഗത്തിലൂടെ മുഖ്യമന്ത്രി വിശദീകരിച്ചത് കിണറുകള്‍ റീച്ചാര്‍ജ് ചെയ്തതും, ഡയാലിസിസ് മെഷീന്‍ വാങ്ങിയതും, കുളം കുഴിച്ചതും തുടങ്ങിയ  കാര്യങ്ങളാണ്. എല്ലാ സര്‍ക്കാരുകളും ചെയ്യുന്ന കാര്യം മാത്രമാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. ഇത് എല്ലാ  സര്‍ക്കാരിന്‍റെ കാലത്തും നടപ്പിലാകുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗം നനഞ്ഞ പടക്കം പോലെയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച് ജനങ്ങളെ കബിളിപ്പിക്കുന്ന സര്‍ക്കാരാണിതെന്നും കുറ്റപ്പെടുത്തല്‍.