തിരുവനന്തപുരം: ടിപി സെൻകുമാര്‍ പരാതി നൽകിയെന്ന പേരിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പൊലീസ് നടപടിയെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍ക്കും എതിരെ എന്തിനും കേസ് എടുക്കാമെന്ന തരത്തിലേക്ക് കേരളാ പൊലീസ് അധപതിച്ചു. മാധ്യമപ്രവര്‍ത്തകനായ കടവിൽ റഷീദിനും ഏഷ്യാനെറ്റ് ന്യൂസ് കോഡിനേറ്റിംഗ് എഡിറ്റര്‍ പിജി സുരേഷ് കുമാറിനും എതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിൽ  ചോദ്യം ചോദിച്ചതിനാണ് സെൻകുമാര്‍ കടവിൽ റഷീദിനെ പരസ്യമായി അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. ഇത് എല്ലാവരും ലൈവായി കണ്ടതുമാണ്. മാധ്യമപ്രവര്‍ത്തകനെ പ്രസ്ക്ലബിലെ വാര്‍ത്താ സമ്മേളനത്തിനിടെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പിൽ മെസേജിട്ടതിനിനാണ് പിജി സുരേഷ് കുമാറിനെതിരെ കേസ് . കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കേരളാ പൊലീസിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് കള്ളക്കേസ് ഒഴിവാക്കാൻ നടപടിയെടുക്കണം . യോഗി പൊലീസിനെ പോലെ കേരളാ പൊലീസും അധപതിച്ചു. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു,.