തിരുവനന്തപുരം:  ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് 
രമേശ് ചെന്നിത്തല. ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. 

ശബരിമലയിൽ എന്ന പോലെ ഇത്‌ ഭക്തജനങ്ങളുടെ വിജയമാണ്‌, മുൻ യുഡിഎഫ്‌ സർക്കാർ എടുത്ത നിലപാടിന്റെ അംഗീകാരം കൂടിയാണിതെന്നും ചെന്നിത്തല പറഞ്ഞു.  പതിറ്റാണ്ടുകൾ നീണ്ട നിയമപ്പോരാടത്തിനൊടുവിലാണ് തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഉടമസ്ഥാവകാശതർക്കത്തിൽ  മുൻ രാജാവിന്‍റെ കുടുംബത്തിന് അനുകൂല വിധി സുപ്രീംകോടതി നൽകിയത്. 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിൻറെ നടത്തിപ്പിൽ മുൻ രാജാവിന്‍റെ കുടുംബത്തിന്  അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപ്പക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.