തിരുവനന്തപുരം: സിബിഐ കേസെടുക്കുന്നത് വിലക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലൈഫ് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസുകളിലാണ് മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയെ വിലക്കുന്നത്. എന്നാൽ ലൈഫ് അഴിമതിക്കേസാണെന്ന് ചെന്നിത്തല പറഞ്ഞു. 

'മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്വർണ്ണക്കടത്തടമുള്ള കേസുകൾ കേന്ദ്ര അന്വേഷിക്കണ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നുവെന്ന് വന്നപ്പോഴാണ് സിപിഎമ്മിന് ഹാലിളകിയത്. 

സിപിഎമ്മിന്റെ ആജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന സിപിഐയും ഇതിനെ പിന്താങ്ങുന്നു. ഇത് ജനത്തോടുള്ള വെല്ലുവിളിയാണെന്നും അഴിമതിക്കേസ് അന്വേഷിക്കേണ്ടെന്ന തീരുമാനം ആത്മഹത്യാപരമാണ്. അഴിമതി മൂടിവയ്ക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം'. അതിനാണ് മുഖ്യമന്ത്രിയും ഇടത് മുന്നണിയും ശ്രമിക്കുന്നത്. തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.