സ്വകാര്യ കൺട്രോൾ റൂമിന് ഡിജിപി വഴിവിട്ട സഹായം ചെയ്യുന്നുവെന്നും കോടിക്കണക്കിന് രൂപയ്ക്ക് വാങ്ങിക്കൂട്ടിയ ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ സഹകരണ സ്ഥാപനങ്ങളുടെ മേൽ വച്ചുകെട്ടാൻ ശ്രമിക്കുന്നുവെന്നുമാണ് ആക്ഷേപം.

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ സ്വകാര്യ കണ്‍ട്രോള്‍ റൂം പദ്ധതി (സിംസ് )യുമായി ബന്ധപ്പെട്ട് ഡിജിപിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നൽകി. സ്വകാര്യ കൺട്രോൾ റൂമിന് ഡിജിപി വഴിവിട്ട സഹായം ചെയ്യുന്നുവെന്നും കോടിക്കണക്കിന് രൂപയ്ക്ക് വാങ്ങിക്കൂട്ടിയ ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ സഹകരണ സ്ഥാപനങ്ങളുടെ മേൽ വച്ചുകെട്ടാൻ ശ്രമിക്കുന്നുവെന്നുമാണ് ആക്ഷേപം. ഡിജിപിയുടെ നടപടികളിൽ അന്വേഷണം വേണമെന്നും ചെന്നിത്തല പരാതിയിൽ ആവശ്യപ്പെടുന്നു. 

പൊലീസ് ആസ്ഥാനത്തെ സ്വകാര്യ കണ്‍ട്രോള്‍ റൂം കരാറുകാരനെ സഹായിക്കാൻ ഡിജിപി നീക്കം നടത്തുന്നുവെന്ന് ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. കൺട്രോൾ റൂമിൽ സഹകരണ സ്ഥാപനങ്ങളെ ചേർക്കണമെന്നാവശ്യപ്പെട്ട് ഡിജിപി നൽകിയ കത്താണ് വിവാദത്തിലായത്. കണ്‍ട്രോള്‍ റൂമിൻറെ നടത്തിപ്പുകാരായ ഗാലക്സോണ്‍ കമ്പനിയെ സഹായിക്കാനാണ് ഇതെന്നാണ് ആക്ഷേപം. 

കെൽട്രോണിനാണ് പൊലീസ് കണ്‍ട്രോണ്‍ റൂമിൻറെ കരാർ നൽകിയിരുന്നത്. കെൽട്രോണ്‍ ഗാലക്സോണ്‍ കമ്പനിക്ക് ഉപകരാർ നൽകി. പൊലീസ് ആസ്ഥനത്ത് കെൽട്രോണിന് സ്ഥലം അനുവദിച്ചതൊഴിച്ചാൽ പൊലീസിന് മുതൽ മുടക്കില്ലെന്നുമായിരുന്നു ഡിജിപി പറഞ്ഞിരുന്നത്. എന്നാൽ പദ്ധതി തുടങ്ങി ഒന്നരവ‌ർഷമായിട്ടും 12 സ്ഥാപനങ്ങൾ മാത്രമാണ് കരാറിലേർപ്പെട്ടത്. കരാറുകാർ സമീപിച്ചിട്ടുണ്ടും പല സ്ഥാപനങ്ങളും സിംസിൽ ചേരാൻ തയ്യാറായിട്ടില്ല. പിന്നാലെയാണ് സഹകരസ്ഥാപനങ്ങൾ കൂടി പദ്ധതിയിൽ പങ്കാളിയാകണമെന്നാവശ്യപ്പെട്ട് സഹകരണ രജിസ്ട്രാർക്ക് ഡിജിപി കത്തയച്ചത്.