തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം തന്നിലേക്കെത്തുമോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണ ഏജൻസികൾ ചോദിക്കുന്ന വസ്തുതകൾ നൽകാൻ സർക്കാർ ബാധ്യസ്ഥമാണ്. അന്യേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി പിൻമാറ്റാനാണ് ശ്രമം നടക്കുന്നത്. എല്ലാം സുതാര്യമെങ്കിൽ എന്തിനാണ് മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയെന്നും ചെന്നിത്തല ചോദിച്ചു. 

അന്വേഷണ ഏജൻസിയെ ക്ഷണിച്ചു കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. സത്യം തെളിയിക്കുന്ന കാര്യത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ല.  എം ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. ശിവശങ്കർ വിജിലൻസ് കേസിൽ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി ആ വകുപ്പ് ഒഴിയണം. പ്രതിപക്ഷത്തിനെതിരെ പൊലീസിനെ ദുരുപയോഗിച്ച് കള്ളക്കേസെടുക്കുന്നു. മോദിയുടെയും അമിത് ഷായുടേയും പേര് മുഖ്യമന്ത്രി പറയുന്നില്ല. ലാവ്ലിൻ കേസ് മാറ്റി വക്കുന്നത് ഒത്തു കളിയാണെന്നും ചെന്നിത്തല ആരോപിച്ചു.