Asianet News MalayalamAsianet News Malayalam

കാരുണ്യ പദ്ധതി പിന്‍വലിക്കുന്നത് പുന:പരിശോധിക്കണം; ജനങ്ങളോട് കാട്ടുന്നത് കടുത്ത അനീതി: ചെന്നിത്തല

കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിക്കൊണ്ട് തന്നെ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ബെനവലന്‍റ് പദ്ധതിയും നില നിര്‍ത്തണമെന്ന് സര്‍ക്കാരിനോട് രമേശ് ചെന്നിത്തല

ramesh chennithala says that karunya medical project should be continued
Author
Trivandrum, First Published Jul 7, 2019, 7:10 PM IST

തിരുവനന്തപുരം: കാരുണ്യ ബെനവലന്‍റ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കാരുണ്യ ബെനവലന്‍റ്  പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം ശസ്ത്രക്രിയ കാത്തു നില്‍ക്കുന്ന നിരവധി നിര്‍ദ്ധനരായ രോഗികളുടെ ജീവിതം ദുസഹമാക്കിയെന്നും ചെന്നിത്തല കത്തില്‍ ആരോപിക്കുന്നു.

നിര്‍ദ്ധനരായ രോഗികള്‍ക്ക് യാതൊരു നിബന്ധനയും കൂടാതെ ചികിത്സാതുക നല്‍കി വരുന്ന ഈ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്. രോഗികള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ 24 മണിക്കൂറിനകം രണ്ട് ലക്ഷം രൂപ വരെ ചികിത്സാനുകൂല്യം ലഭിക്കുന്നു എന്നതാണ് കാരുണ്യ പദ്ധതിയെ മറ്റു പദ്ധതികളില്‍ നിന്നും വ്യത്യസ്ഥമാക്കിയിരുന്നതെന്ന് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.

കാരുണ്യ പദ്ധതി നിര്‍ത്തലാക്കി അതിന് പകരമായി കേന്ദ്രസര്‍ക്കാരിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തെ പാവപ്പെട്ട രോഗികള്‍ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. പാവപ്പെട്ടവരെ ഇന്‍ഷുറന്‍സിന്‍റെ നൂലാമാലകളില്‍ കുടുക്കി ചികിത്സ നിഷേധിക്കുന്ന നിലപാടാണ് ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്ന സ്വകാര്യ ഏജന്‍സികള്‍ സ്വീകരിക്കാന്‍ പോകുന്നത്. 

സ്വകാര്യ ഏജന്‍സികളുടെ ലാഭത്തിന് പാവപ്പെട്ട ജനങ്ങളെ ബലിയാടാക്കുള്ള തീരുമാനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ആഗസ്റ്റ് 1 ന് മാത്രം നിലവില്‍ വരുന്ന കേന്ദ്ര പദ്ധതിക്കായി ജൂലൈ മാസത്തില്‍ തന്നെ കാരുണ്യ പദ്ധതി നിര്‍ത്തലാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കത്തില്‍ ചെന്നിത്തല പറഞ്ഞു.

ജനകീയ പദ്ധതിയെ യാതൊരു കാരണവുമില്ലാതെ പിന്‍വലിക്കുന്ന നടപടി സര്‍ക്കാര്‍  പുന:പരിശോധിക്കണം. പാവപ്പെട്ട ജനങ്ങളോട് കാട്ടുന്ന കടുത്ത അനീതിയാണ് സര്‍ക്കാരിന്‍റെ ഈ നടപടി. സര്‍ക്കാരിന് യാതൊരു വിധ സാമ്പത്തിക ബാദ്ധ്യതയുമില്ലാതെ ലോട്ടറി ടിക്കറ്റ് വരുമാനം വഴിയായിരുന്നു ആനുകൂല്യം നല്‍കി വന്നിരുന്നത്. ഈ പദ്ധതി നിര്‍ത്തലാക്കാനുള്ള കാരണം ന്യായീകരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിക്കൊണ്ട് തന്നെ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ബെനവലന്‍റ് പദ്ധതിയും നില നിര്‍ത്തണമെന്ന് സര്‍ക്കാരിനോട് ചെന്നിത്തല ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios