തിരുവനന്തപുരം: തീപിടുത്തം എൻഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് സെക്ഷനിൽ തീ പിടിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു. പ്രധാന ഫയലുകൾ കത്തി നശിച്ചുവെന്ന് പറഞ്ഞ ചെന്നിത്തല സ്വ‌ർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിയെന്ന് ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയ ചെന്നിത്തലയെയും കോൺഗ്രസ് നേതാക്കളെയും പിന്നീട് അകത്തേക്ക് കടത്തിവിടുകയായിരുന്നു.

പുറത്ത് വന്നതിന് ശേഷം അതീവ ഗുരുതരമായ ആരോപണമാണ് ചെന്നിത്തല ഉന്നയിച്ചത്. വളരെ ഗുരുതരമായ പ്രശ്നങ്ങളാണ് വൻ തീപിടുത്തത്തിലൂടെ ഉണ്ടായതെന്നും. മൂന്ന് സെക്ഷനുകളിൽ തീ പിടിച്ചുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഹോം സെക്രട്ടറിയും, റവന്യൂ സെക്രട്ടറിയും അടക്കമുള്ളവരുമായി ചർച്ച നടത്തിയെന്ന് പറഞ്ഞ ചെന്നിത്തലപൊളിറ്റൽ സെക്ഷനിലേയും വിദേശയാത്രയുമായി ബന്ധപ്പെട്ടതും, രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്ന രഹസ്യ ഫയലുകളും കത്തിയതായി അറിയിച്ചു.  ജലസേചന വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടിയുടെ ഓഫീസിന് സമീപമുള്ള ഇടനാഴിയിൽ തീപിടിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിഷയത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് ശക്തമായി ആവശ്യപ്പെട്ട ചെന്നിത്തല ഇത് അട്ടിമറി ശ്രമമാണെന്നും തെളിവ് നശിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണെന്നും ആരോപിച്ചു. ചില ഉദ്യോ​ഗസ്ഥൻമാർക്ക്‌ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുകയാണെന്ന് പറഞ്ഞ ചെന്നിത്തല സെക്രട്ടേറിയേറ്റിൽ നടന്ന സംഭവവികാസങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാ​ഗമായി നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു.
 

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ വൈകിട്ടുണ്ടായ തീപിടുത്തതോടെയാണ് നിലവിലെ സംഭവ വികാസങ്ങളുടെ തുടക്കം. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല. ജിഐഎ പൊളിറ്റിക്കൽ ഓഫീസിലാണ് തീപിടുത്തം ഉണ്ടായതെന്ന് ഫയർഫോഴ്സ് പറഞ്ഞു. സെക്രട്ടറിയേറ്റിൽ എത്തുമ്പോൾ പുക നിറഞ്ഞ സ്ഥിതി ആയിരുന്നു. ചില ഫയലുകൾ കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക നിഗമനം. റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകൾ വെച്ചിരിക്കുന്ന റാക്കിൽ ആണ് തീ പിടുത്തം ഉണ്ടായത്. ബാക്കി ഫയലുകൾ സുരക്ഷിതമെന്നും പൊതുഭരണ വകുപ്പ് പ്രതികരിച്ചു.

സുപ്രധാന ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചുവെങ്കിലും അതീവ നാടകീയ സംഭവവികാസങ്ങളാണ് സെക്രട്ടേറിയറ്റ് മുറ്റത്ത് പിന്നീട് അരങ്ങേറിയത്. 

പ്രതിഷേധവുമായി എത്തിയ ബിജെപി നേതാക്കളെയും സുരേന്ദ്രനെയും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നേരിട്ട് സ്ഥത്തെത്തി മാധ്യമങ്ങളോട് അടക്കം പ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്നും പുറത്ത് പോകണമെന്നും ആവശ്യപ്പെട്ടു. 

കൂടുതൽ കോൺഗ്രസ്-ബിജെപി പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തെത്തി. ചീഫ് സെക്രട്ടറി നേരിട്ടെത്തി പൊതു പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിൽ വി എസ് ശിവകുമാർ എംഎൽഎയും വിടിബൽറാമും യുഡിഎഫ് നേതാക്കളും കുത്തിയിരിപ്പ് സമരം തുടങ്ങി. ഇവിടേക്ക് പ്രതിപക്ഷ നേതാവും എത്തുകയായിരുന്നു.