Asianet News MalayalamAsianet News Malayalam

ഐ ഫോൺ ആരോപണം; സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷ നേതാവ് ക്രിമിനൽ കേസ് നൽകും

ലൈഫ് മിഷൻ ഇടപാടിൽ സർക്കാർ സമ്മർദ്ദത്തിലായിരിക്കെയായിരുന്നു പ്രതിപക്ഷനേതാവിനെയും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുള്ള ഐഫോൺ ആരോപണം. പരാമർശം പിൻവലിക്കാനായി രമേശ് ചെന്നിത്തല നൽകിയ വക്കീൽ നോട്ടീസിന് സന്തോഷ് ഈപ്പൻ മറുപടി നൽകിയിട്ടില്ല. 

ramesh chennithala to file criminal case against Santhosh eapen on iPhone allegation
Author
Trivandrum, First Published Nov 23, 2020, 7:52 PM IST

തിരുവനന്തപുരം: സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷ നേതാവ് ക്രിമിനൽ കേസ് നൽകും. ഐ ഫോൺ പ്രതിപക്ഷ നേതാവിന് നൽകിയെന്ന പ്രസ്താവന പിൻവലിക്കാത്തതിനെതിരായണ് കേസ്. പരാമർശം പിൻവലിക്കാനായി രമേശ് ചെന്നിത്തല നൽകിയ വക്കീൽ നോട്ടീസിന് സന്തോഷ് ഈപ്പൻ മറുപടി നൽകിയിട്ടില്ല. 

ലൈഫ് മിഷൻ ഇടപാടിൽ സർക്കാർ സമ്മർദ്ദത്തിലായിരിക്കെയായിരുന്നു പ്രതിപക്ഷനേതാവിനെയും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുള്ള ഐഫോൺ ആരോപണം. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള സന്തോഷ് ഈപ്പൻ്റെ ഹർജിയിലായിരുന്നു സ്വപ്നയുടെ നിർദ്ദേശ പ്രകാരം വാങ്ങിയ ഐ ഫോണുകളിലൊന്ന് ചെന്നിത്തലക്ക് നൽകിയെന്ന പരാമർശം. 2019ൽ യുഎഇ കോൺസുലേറ്റിൽ നടന്ന ദേശീയ ദിനാചരണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തപ്പോഴായിരുന്നു ഇതെന്നായിരുന്നു സന്തോഷ് ഈപ്പൻ ഹർജിയിൽ പറഞ്ഞത്. ഇത് അന്ന് തന്നെ ചെന്നിത്തല നിഷേധിക്കുകയും നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. 

ഫോണുകൾ കിട്ടിയവരുടെയും ഉപയോഗിക്കുന്നവരുടെയും വിശദാംശങ്ങൾ പിന്നീട് പുറത്ത് വന്നതോടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിരുന്നു. ആകെ ഏഴ് ഫോണുകളാണ് സന്തോഷ് ഈപ്പൻ വാങ്ങിനൽകിയത്. ആറെണ്ണം കൊച്ചിയിൽ നിന്നും ഒരെണ്ണം തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ നിന്നുമാണ് വാങ്ങിയത്. 

ഫോണുകളിൽ ഒരെണ്ണം സന്തോഷ് ഈപ്പനും മറ്റൊന്ന് ശിവശങ്കറുമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായിരുന്നു. പരസ്യ കമ്പനി ഉടമ പ്രവീൺ, എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ, അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് മറ്റ് ഫോണുകൾ ഉപയോഗിച്ചിരുന്നത്. 

ആറ് ഐഫോണുകളിൽ 1.19 ലക്ഷം രൂപ വിലയുള്ള ഫോൺ സന്തോഷ് ഈപ്പൻ കോൺസുൽ ജനറലിനാണ് നൽകിയത്. പക്ഷെ ഫോൺ ഇഷ്ടപ്പെടാത്തതിനാൽ സന്തോഷ് ഈപ്പന് തന്നെ തിരികെ നൽകി. തുടർന്ന് സന്തോഷ് ഈപ്പൻ തിരുവനന്തപുരത്ത് നിന്ന് പുതിയ ഫോൺ വാങ്ങി കോൺസുൽ ജനറലിന് സമ്മാനിക്കുകയും തിരികെ നൽകിയ ഫോൺ സന്തോഷ് ഈപ്പൻ തന്നെ ഉപയോഗിക്കുകയുമായിരുന്നു.

Follow Us:
Download App:
  • android
  • ios