കേരളത്തിൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾക്കിടെ രമേശ് ചെന്നിത്തല ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗയെയും കണ്ടു. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ സമവായമുണ്ടായാൽ തനിക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തല. കേരളത്തിലെത്തുന്ന നിരീക്ഷകരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും.

ദില്ലി : കേരളത്തിൽ മുഖ്യമന്ത്രി ആരാകുമെന്നതിൽ ചർച്ച സജീവമായിരിക്കെ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗയെയും കണ്ടു. കേരളത്തിൽ നേടിയ വൻ വിജയത്തിൽ രാഹുൽ ഗാന്ധി അഭിനന്ദിച്ചെന്നും താൻ ഹാപ്പി ആണെന്നും കൂടിക്കാഴ്ച നടത്തിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് ഹൈക്കമാൻഡ് എടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് ചെന്നിത്തല ദില്ലിയിലെത്തിയതെന്നാണ് വിശദീകരണം.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ ദില്ലിയിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് കേരള ഹൗസിൽ അനുയായികൾ സ്വീകരണം നൽകി. മഹാരാഷ്ട്രയിലെ പിസിസി അദ്ധ്യക്ഷൻമാരെ നിശ്ചയിക്കാനുള്ള യോഗത്തിനാണ് ചെന്നിത്തല ദില്ലിയിലെത്തിയത്. സാധാരണ പുതിയ എഐസിസി ഓഫീസായ ഇന്ദിര ഭവനില്‍ നടക്കാറുള്ള യോഗം സോണിയ ഗാന്ധിയുടെ വസതിയിലാക്കിയതോടെയാണ് ഹൈക്കമാന്‍ഡ് നേതാക്കളുമായി ചെന്നിത്തലക്ക് നേരിട്ട് സംസാരിക്കാനുള്ള വഴി തുറന്നത്.

മല്ലികാർജ്ജുൻ ഖർർഗെയുമായി അടുത്ത ബന്ധമുള്ള ചെന്നിത്തലയ്ക്ക് സമവായമെങ്കിൽ മുഖ്യമന്ത്രി സ്ഥാനം കിട്ടും എന്ന പ്രതീക്ഷയിലാണ് അനുയായികൾ. സോണിയ ഗാന്ധി ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എന്നാൽ സംഘടനാപരമായി പാർട്ടിക്ക് കെസി വേണുഗോപാലിനെയാണ് ആവശ്യമെന്ന വാദമാണ് കെസി പക്ഷം ശക്തമാക്കുന്നത്. പൊതുവികാരം വിഡി സതീശന് അനുകൂലമെന്ന നിലപാടിൽ നില്ക്കുന്ന മുസ്ലിം ലീഗ് രാഹുൽ ഗാന്ധിയോടടക്കം എന്തു പറയമെന്നതും തീരുമാനത്തില്‍ നിർണ്ണായകാകും.

കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന തീരുമാനം ഞായറാഴ്ചയോടെ ഉണ്ടായേക്കാമെന്നാണ് ഹൈക്കമാൻഡ് വിശദീകരണം . കേരളത്തിലെത്തുന്ന നിരീക്ഷകർ കെസി വേണുഗോപാൽ അടക്കമുള്ളവരുടെ പേരുകളിൽ എംഎൽഎമാരോട് അഭിപ്രായം തേടും. മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രധാന നേതാക്കളോട് നേരിട്ട് അഭിപ്രായം തേടിയേക്കും. മഹാരാഷ്ട്രയിലെ സംഘടന വിഷയങ്ങൾക്കായി ദില്ലിയിലെത്തിയ രമേശ് ചെന്നിത്തല ഇതിനിടെ കേന്ദ്ര നേതാക്കളെ കണ്ടത് അഭ്യൂഹങ്ങൾക്കിടയാക്കി. മുകുൾ വാസ്നികും അജയ് മാക്കനും കേരളത്തിലെത്തി നടത്തുന്ന ചർച്ചകൾക്ക് ശേഷമുള്ള റിപ്പോർട്ട് കാത്തിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. എംഎൽഎമാരിൽ ആർക്കാണ് ഭൂരിപക്ഷം എന്നത് നിരീക്ഷകർ അറിയിക്കും. വെള്ളിയാഴ്ചോടെ നടപടികൾ പൂർത്തിയാക്കാനാണ് നിരീക്ഷകർക്ക് നിർദ്ദേശം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിക്കും ദില്ലിയിൽ എത്താൻ നിർദ്ദേശം നല്കിയിട്ടുണ്ട്. ശനിയും ഞായറുമായി മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളെ നേരിട്ടു വിളിക്കാനാണ് സാധ്യത.