എഐസിസി നിരീക്ഷകർ കേരളത്തിലെത്താനിരിക്കെ എംഎല്‍എമാരുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കെസി, വിഡി, ആർസി വിഭാഗങ്ങൾ. സംസ്ഥാനമൊട്ടാകെ നേതാക്കളെ പിന്തുണച്ചുള്ള ഫ്ലക്സ് യുദ്ധം തുടരുകയാണ്.
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ ചരട് വലികൾ സജീവം. നിയമസഭ കക്ഷി യോഗം നാളെ ചേരും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഉടന്‍ കേരളത്തിലെത്തും. എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിക്കും. അതേസമയം, ഹൈക്കമാന്‍ഡിന്‍റെയും എംഎല്‍എമാരുടെയും പിന്തുണ നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ. രാഹുൽ ഗാന്ധിയുടെ എഫ്ബി പോസ്റ്റിന് താഴെ വന്‍ പ്രചാരണമാണ് കെസി, വിഡി, ആര്‍സി പക്ഷങ്ങൾ നടത്തുന്നത്. സംസ്ഥാനമൊട്ടാകെ ഇവരെ പിന്തുണച്ചുള്ള ഫ്ലക്സ് യുദ്ധവും തുടരുകയാണ്.
കേരളത്തിലെ സർക്കാർ രൂപീകരണത്തിൽ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് മുതിർന്ന നേതാക്കളുമായി സംസാരിക്കും. നേതാക്കളുടെ അഭിപ്രായം നേരിട്ട് കേൾക്കാനാണ് ഇരുവരുടെയും തീരുമാനം. ആവശ്യമെങ്കിൽ മുസ്ലിം ലീഗിനോട് രാഹുൽ ഗാന്ധി നേരിട്ട് സംസാരിക്കും. അതേസമയം, കെസി വേണുഗോപാലിൻ്റെ പേരും എഐസിസി നിരീക്ഷകർ എംഎൽഎമാരോട് ചർച്ച ചെയ്യും. സംഖ്യ നോക്കാതെ സമവായം ഉണ്ടാക്കണമെന്ന് മൂന്ന് എംപിമാരെങ്കിലും അറിയിക്കും. അതേസമയം, രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലുണ്ട്. എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ ദില്ലി യാത്ര. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും.
കടുത്ത പ്രചാരണവുമായി അണികൾ
സംസ്ഥാന കോൺഗ്രസിൽ വാശിയേറിയ പ്രവർത്തനമാണ് മൂന്ന് നേതാക്കളുടെയും ഒപ്പമുള്ളവർ നടത്തുന്നത്. നിരീക്ഷകർ ഏത്താനിരിക്കെ രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മൂന്ന് നേതാക്കൾക്കായി കമന്റുകളിലൂടെ പ്രചാരണം ശക്തമാക്കുകയാണ് ഗ്രൂപ്പ് അണികൾ. ഒറ്റക്കെട്ടായി നിന്ന് തീരുമാനമെടുക്കാനാണ് എ ഗ്രൂപ്പ് നീക്കം. ഏറ്റവും ഒടുവിൽ വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തിയത് മുൻ സ്പീക്കർ എൻ ശക്തനാണ്. ഹൈബി ഈഡനും മുഹമ്മദ് ഷിയാസും ഷാനിമോൾ ഉസ്മാനും അടക്കമുള്ള നേതാക്കളാണ് വി.ഡി.സതീശനായുള്ള നീക്കങ്ങൾ നയിക്കുന്നത്. കെ സി വേണുഗോപാലിനായി എ പി അനിൽ കുമാറും, മാത്യു കുഴൽനാടനുമാണ് എംഎൽഎമാരെ ഏകോപിപ്പിക്കുന്നത്. രമേശ് ചെന്നിത്തലക്കായി ടി ജെ വിനോദും ഐ സി ബാലകൃഷ്ണനും അൻവർ സാദത്തും രംഗത്തുണ്ട്. എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കുകയാണ് പ്രധാന പരിപാടി. ഒപ്പം ഹൈക്കമാൻഡ് അഭിപ്രായം തേടാൻ സാധ്യതയുള്ള മുതിർന്ന നേതാക്കളോട് അടക്കം ഗ്രൂപ്പ് നേതാക്കൾ സംസാരിക്കുന്നുണ്ട്.
ഫ്ലക്സ് യുദ്ധവും തുടരുന്നു
പെരുമ്പാവൂർ നഗരത്തിൽ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിച്ച് വിവിധ ഇടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നു. പോർക്കളത്തിലെ പടനായകന് അഭിവാദ്യങ്ങൾ, യുഡിഎഫ് ജയിച്ചു കെ സി നയിക്കും എന്ന തലക്കെട്ടോടെയാണ് കെ സി വേണുഗോപാൽ അനുകൂല ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കേരളത്തെ നയിക്കാൻ രമേശ് ചെന്നിത്തല എന്ന തലക്കെട്ടുമായി ആർ.സി ബ്രിഗേഡിന്റെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുള്ളത്. പെരുമ്പാവൂർ നഗരത്തിലെ സുപ്രധാന ജംഗ്ഷനുകളിലും, കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലും ഇത്തരം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

