Asianet News MalayalamAsianet News Malayalam

'ശബരിമല മുഖ്യം, പാണക്കാട് പരാമർശം സിപിഎമ്മിന് തിരിച്ചടിയായിക്കഴിഞ്ഞു'; ചെന്നിത്തല ഇന്നും കണ്ണൂരിൽ

ശബരിമല വിഷയം പ്രധാന അജണ്ട തന്നെയാണല്ലോ കേരളത്തിൽ. ശബരിമല വിധി തന്നെ സർക്കാറിന്റെ നിലപാടിനെ തുടർന്നല്ലേ ഉണ്ടായത്. 

Ramesh Chennithalas Aishwarya Kerala Yatra is still in Kannur
Author
Kerala, First Published Feb 2, 2021, 8:04 AM IST

കണ്ണൂർ: ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ശബരിമലയിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച പ്രതിപക്ഷ നേതാവ് പാണക്കാട് പരാമർശത്തിൽ സിപിഎമ്മിനെതിരെ തിരിഞ്ഞു. പരാമർശം ഇതിനോടകം സിപിഎമ്മിന് തിരിച്ചടിയായി കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം പ്രധാന അജണ്ട തന്നെയാണല്ലോ കേരളത്തിൽ. ശബരിമല വിധി തന്നെ സർക്കാറിന്റെ നിലപാടിനെ തുടർന്നല്ലേ ഉണ്ടായത്. സത്യവാങ്മൂലം മാറ്റി ഉമ്മൻ ചാണ്ടി സർക്കാർ കൊടുത്ത സത്യവാങ്മൂലം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ തെറ്റാണ് ചെയ്തത് എന്നത് പറഞ്ഞാൽ പോര സത്യവാങ്മൂലം തിരുത്താൻ കഴിയുമോയെന്നാണ് വ്യക്തമാക്കേണ്ടത്. സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ബിജെപിക്ക് ഇക്കാര്യത്തിൽ കപട മുഖമാണ് ഉള്ളത്. ശബരിമല വിഷയത്തിൽ ഞാനടക്കമുള്ള ഭക്തജനങ്ങൾക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ആർക്കൊപ്പം നിൽക്കുമെന്ന് സർക്കാർ വ്യക്തമാക്കട്ടെയന്നും അദ്ദേഹം വ്യക്തമാക്കി.

ഐശ്വര്യ കേരളയാത്രയെ കുറിച്ച് സംസാരിച്ച അദ്ദേഹം സിപിഎമ്മിന്റെ ലീഗിനെതിരായ പാണക്കാട് പരാമർശങ്ങളെയും രൂക്ഷമായി വിമർശിച്ചു. നല്ല പ്രതികരണമാണ് യാത്രയ്ക്ക് ലഭിക്കുന്നത്. എൽഡിഎഫിന്റെ അഞ്ച് വർഷത്തെ ഭരണത്തിനെതിരായ വികാരമാണ് യാത്രയിലുടനീളം പ്രകടമാകുന്നത്. പച്ച വർഗീയത പറയുകയാണ് സിപിഎം. രണ്ട് വോട്ട് കിട്ടാൻ വേണ്ടി ഏത് നിലവാര തകർച്ചയും സിപിഎമ്മിനുണ്ടാകുമെന്നതിന് തെളിവാണിത്. തെരഞ്ഞെടുപ്പിനായി  മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണ് സിപിഎം. വിജയരാഘവന്റേത് ഒറ്റതിരിഞ്ഞുള്ള പ്രതികരണമല്ലെന്നും ചെന്നിത്തല പറയുന്നു.

രാഷ്ട്രീയവും ഭരണനേട്ടവും പറഞ്ഞ് വോട്ട് നേടാനാകില്ലെന്ന് അവർക്കറിയാം. പച്ച വർഗീയത പറഞ്ഞ് വോട്ട് പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വരും പോകും, കേരളത്തിൽ നിലനിൽക്കുന്ന മതസൌഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമല്ലേ ഇത്. തെരഞ്ഞെടുപ്പിൽ ഇത് സിപിഎമ്മിന് ദോഷം ചെയ്യുമെന്ന് സംശയമില്ല. മുസ്ലിംകൾ മുഴുവൻ മതമൌലീക വാദികളാണെന്ന് പറയുന്നത് ഏത് പാർട്ടിക്കാണ് ഗുണം ചെയ്യുകയെന്നും ചെന്നിത്തല ചോദിക്കുന്നു.

അതേസമയം പ്രതിപക്ഷ നേതാവ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ പര്യടനം തുടരും. കണ്ണൂർ ജില്ലയുടെ വികസനത്തെക്കുറിച്ച് വിവിധ മേഖലകളിൽ ഉള്ളവരുമായി രാവിലെ എട്ടരയ്ക്ക് രമേശ് ചെന്നിത്തല സംവദിക്കും. 

ഇന്നലെ കണ്ണൂർ ജില്ലയിൽ പ്രവേശിച്ച യാത്രയെ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പയ്യന്നൂരിലും പഴയങ്ങാടിയിലും വൻകുളത്തു വയലിലും സ്വീകരണ യോഗങ്ങൾ നടന്നു. അടുത്ത സർക്കാർ യുഡിഎഫിന്റേതാണെന്ന് ഉറപ്പായതായി സ്വീകരണ യോഗങ്ങളിൽ രമേശ് ചെന്നിത്തല പറഞ്ഞു.

Follow Us:
Download App:
  • android
  • ios