തൃശ്ശൂർ: കനത്ത മഴയിൽ തൃശ്ശൂർ ജില്ലയിലെ കോള്‍പാടമേഖലയില്‍ വെള്ളം കയറിയപ്പോള്‍ എങ്ങോട്ട് പോകണമെന്നറിയാതെ നിസ്സഹായകരായവർക്ക് കൈത്താങ്ങായി അരിമ്പൂർ സ്വദേശി രമേശ്. മഴക്കെടുതിയിൽ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് താമസത്തിനായി സ്വന്തം ഹോട്ടലിലെ മുറികള്‍ തുറന്നു കൊടുത്തിരിക്കുകയാണ് അദ്ദേഹം. വീടുകളിൽ കയറിയ വെള്ളം ഇറങ്ങുന്നതുവരെ കുടുംബങ്ങൾക്ക് ഹോട്ടലിൽ കഴിയാനുള്ള സൗകര്യമാണ് രമേശ് ഒരുക്കിയത്.

അരിമ്പൂരിൽ ഇരുനിലകളിലായി പ്രവർത്തിക്കുന്ന ഹോട്ടലാണ് രമേശിന്റെ ഏക ഉപജീവമാർ​ഗം. മുകളിലത്തെ നിലയില്‍ നാല് മുറികളാണുള്ളത്. 500 രൂപ നിരക്കിലാണ് മുറികള്‍ വാടകയ്ക്ക് കൊടുക്കാറുളളത്. നാടു മുഴുവൻ വെള്ളത്തില്‍ മുങ്ങിയപ്പോൾ തന്നാലാകും വിധം എന്തെങ്കിലും ചെയ്യണെന്ന് തീരുമാനിച്ചിരുന്നതായി രമേശ് പറഞ്ഞു. ഹോട്ടലിൽ താമസസൗകര്യമൗരുക്കിയിട്ടുണ്ടെന്നും വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് വന്ന് താമസിക്കാമെന്നും ഫേസ്ബുക്കിലൂടെയാണ് രമേശ് ആളുകളെ അറിയിച്ചത്. 

പ്രദേശത്തുളള നാല് കുടുംബങ്ങളാണ് രമേശിന്റെ ഹോട്ടലിൽ താമസിക്കുന്നത്. ഉടുക്കാനുളള തുണി മാത്രമായാണ് ഇവര്‍ കയറിവന്നത്. ബാക്കി എല്ലാ സൗകര്യങ്ങളും രമേശ് ഒരുക്കി കൊടുക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നത് രമേശിന്റെ കടയില്‍ നിന്നു തന്നെയാണ്. കയ്യില്‍ പണമുണ്ടാകുന്ന കാലത്ത് ഭക്ഷണത്തിന്റെ പൈസ തന്നാല്‍ മതിയെന്നാണ് രമേശിന്റെ ഉപാധി. വെള്ളമിറങ്ങി വീടുകളിലേക്ക് തിരിച്ചുപോകുമ്പോഴും രമേശിന്റെ വലിയ നൻമ എന്നും മനസ്സിലുണ്ടാകുമെന്ന് ഹോട്ടലിൽ താമസിസച്ചുവരുന്ന കുടുംബങ്ങൾ പറയുന്നു.