ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ പാർട്ടി കടുപ്പിച്ചതോടെ രമ്യ ഹരിദാസ് അയയുന്നുവെന്ന് സൂചന. പാളയം പ്രദീപിനെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് ഇതുവരെ കത്ത് നൽകിയില്ല.
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ പാർട്ടി കടുപ്പിച്ചതോടെ രമ്യ ഹരിദാസ് അയയുന്നുവെന്ന് സൂചന. പാളയം പ്രദീപിനെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് ഇതുവരെ കത്ത് നൽകിയില്ല. ഇന്ന് വീണ്ടും കത്ത് നൽകാൻ ആയിരുന്നു തീരുമാനം. അതേസമയം, രമ്യ ഹരിദാസിനെതിരെ കെ മുരളീധരൻ രംഗത്തെത്തി. പാർട്ടി നടപടി എടുത്താൽ എംഎൽഎ ആയാലും ആരായാലും ബാധകമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.
പാർട്ടിക്ക് നാണക്കേടായ ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെ പി സി സി ശ്രമിച്ചത്. വ്യാപക പരാതി ഉയർന്നിട്ടും എം എൽ എക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്നം ഒതുക്കി. എതിർചേരിയുടെ എതിർപ്പ് തണുപ്പിക്കാൻ പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് നിർദ്ദേശം രമ്യക്ക് നൽകാനും ധാരണയായി. പക്ഷെ സംസ്ഥാന - പ്രാദേശിക നേതൃത്വത്തെ ഒരുപോലെ വെല്ലുവിളിച്ചും സമവായം പൊളിച്ചുമാണ് രമ്യയുടെ നീക്കമുണ്ടായത്. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു എം എൽ എ. 21-5 മുതൽ പാളയം പ്രദീപ് ഒപ്പമുണ്ടെന്നും അന്നത്തെ തിയ്യതി വെച്ച് പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്.
