Asianet News MalayalamAsianet News Malayalam

രഞ്ജിത്ത് ശ്രീനിവാസൻ വധം: പ്രതികാരക്കൊല മുൻകൂട്ടി കണ്ട് നടത്തിയ കൊലപാതകമെന്ന് പ്രോസിക്യൂഷൻ

മണ്ണഞ്ചേരിയിൽ ഷാൻ കൊല്ലപ്പെട്ട 2021 ഡിസംബർ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാൻ തീരുമാനിച്ചത്

Ranjith Sreenivasan murder consiracy had three stages says Prosecution
Author
First Published Dec 5, 2022, 11:58 AM IST

പാലക്കാട്: ആർഎസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ  ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

മണ്ണഞ്ചേരിയിൽ ഷാൻ കൊല്ലപ്പെട്ട 2021 ഡിസംബർ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാൻ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രതികൾ വീണ്ടും ഒത്തുകൂടിയെന്ന് പ്രൊസിക്യൂഷൻ പറഞ്ഞു. അർധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി.

തൊട്ടടുത്ത ദിവസം പുലർച്ചെ ആറിന് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. കുറ്റം ചുമത്തുന്നതിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതികളുടെ ഭാഗം കേൾക്കാൻ കേസ് ഈ മാസം 12ലേക്ക് മാറ്റി. അഭിഭാഷകനെ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കേസ് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി.

ആലപ്പുഴയിലെ ബിജെപി നേതാവും അഭിഭാഷകനുമായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയാറായിരുന്നില്ല. ഇത് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതേതുടർന്ന് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കൊലക്കേസ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവിനെതിരെ പതിനഞ്ച് പ്രതികളും സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി തീരുമാനിക്കേണ്ട വിഷയമെന്ന് കാട്ടി സുപ്രീം കോടതി പ്രശ്നത്തിൽ ഇടപെടാൻ മടിച്ചു.

Follow Us:
Download App:
  • android
  • ios