രാവിലെ വിളിച്ചു വരുത്തിയ യുവതിയെ മൊഴിയെടുക്കാതെ രണ്ട് മണിക്കൂറോളം  സ്റ്റേഷനില്‍ ഇരുത്തിയെന്നും പൊലീസിന്‍റെ ഇത്തരം മോശം സമീപനമാണ് സ്ത്രീകളെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്നും യുവതിയുടെ അഭിഭാഷക പറഞ്ഞു.

കൊച്ചി: സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ (Balachandra Kumar) ലൈംഗിക പീഡന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാവിലെ വിളിച്ചു വരുത്തിയ യുവതിയെ മൊഴിയെടുക്കാതെ രണ്ട് മണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തിയെന്നും പൊലീസിന്‍റെ ഇത്തരം മോശം സമീപനമാണ് സ്ത്രീകളെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്നും യുവതിയുടെ അഭിഭാഷക പറഞ്ഞു.

പത്ത് കൊല്ലം മുമ്പ് കൊച്ചിയിലെ ഒരു വീട്ടില്‍വെച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് ഹോം നഴ്സായ യുവതിയുടെ പരാതി. എളമക്കര പൊലീസിന് കൈമാറിയ കേസ് പിന്നീട് അന്വഷണത്തിനായി തിരുവനന്തപുരം ഹൈടെക് സെല്‍ അഡിഷണല്‍ എസ് പി, എസ് ബിജുമോന്‍ കൈമാറുകയായിരുന്നു. മൊഴിയെടുക്കുന്നതിന് രാവിലെ പത്തര മണിക്ക് എളമക്കര സ്റ്റേഷനില്‍ എത്താനായിരുന്നു യുവതിയോടെ പൊലീസിന്‍റെ നിര്‍ദ്ദേശം. എന്നാല്‍ യുവതി എത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ ഉച്ചക്ക് പന്ത്രണ്ടരക്കാണ് അഡിഷണല്‍ എസ് പി, ഏസ് ബിജുമോന്‍ സ്റ്റേഷനില്‍ എത്തിയത്. പൊലീസിന്‍റെ ഇത്തരം സമീപനം അംഗീകരിക്കാനാവില്ലെന്ന് യുവതിയുടെ അഭിഭാഷക വിമല ബേബി പറഞ്ഞു.

തുടര്‍ന്ന് യുവതിയെ ആദ്യം മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കി. ഉച്ചക്ക് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. യുവതിയുടെ വിശദമായ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമേ തുടര്‍നടപടി സ്വീകരിക്കൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.