കൊല്ലം: ഓച്ചിറയിൽ നിന്ന് ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് കേസ്. പെൺകുട്ടി പീഡനത്തിന് ഇരയായി എന്നാണ് വൈദ്യപരിശോധന റിപ്പോർട്ട് വ്യക്തമാക്കുന്നത്. വൈദ്യപരിശോധന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റോഷനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.  

നിലവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതും പോക്സോ വകുപ്പും ചുമത്തി റോഷനെതിരെ കേസെടുത്തിട്ടുണ്ട്. അതിനൊപ്പം ലൈംഗികപീഡനക്കുറ്റം കൂടി ചുമത്തിയാൽ കേസ് കൂടുതൽ ഗൗരവമുള്ളതാകും. 

ഇന്നലെ രാത്രി ഏറെ വൈകിയാണ് പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയായത്. മുംബൈയിൽ വച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെൺകുട്ടി ഇപ്പോള്‍ ഉള്ളത്. പ്രതി മുഹമ്മദ് റോഷനെ ഇന്ന് കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. 

നിലവിൽ സാമൂഹികക്ഷേമ വകുപ്പിന്‍റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിടാനാണ് പൊലീസ് തീരുമാനം. മാതാപിതാക്കൾക്കൊപ്പം പോകാൻ തയ്യാറല്ലെങ്കിൽ കുട്ടിയെ സാമൂഹിക നീതി വകുപ്പിന്‍റെ ഹോസ്റ്റലിലേക്ക് മാറ്റും. പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് പൂർത്തിയായതാണെന്നും ബന്ധുക്കൾ ഹാജരാക്കിയ രേഖ വ്യാജമാണെന്നും കാട്ടി റോഷന്‍റെ അച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.