രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടിയതായി ഹൈക്കോടതി അറിയിച്ചു.
കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ പരാതിക്കാരിയെ കക്ഷി ചേർത്ത് ഹൈക്കോടതി. രാഹുലിന് ജാമ്യം നൽകുന്നത് തന്‍റെ ജീവന് ഭീഷണി എന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച കോടതി രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞ നടപടി ഈമാസം 21 വരെ നീട്ടി.
തിരുവനന്തപുരത്ത് താമസിക്കുന്ന യുവതിയെ ബലാത്സംഗം ചെയ്തെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമുള്ള കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ എ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയുമായി തനിക്ക് ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നുമായിരുന്നു വാദം. മുൻകൂർ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരിയും കേസിൽ കക്ഷി ചേരാൻ അപേകേഷ നൽകിയത്.
രാഹുലിന്‍റെ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീൻ പരാതിക്കാരിയെ കക്ഷി ചേർത്ത് വിശദമായ സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ചു. പ്രതിയ്ക്ക് ജാമ്യം അനുവദിക്കുന്നത് തന്‍റെ ജീവന് ഭീഷണി ആണെന്നും നിലവിൽ രാഹുലിന്‍റെ അനുയായികളിൽ നിന്ന് വലിയ സൈബർ ആക്രമണം നേേരിടുന്നുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

