രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയെന്ന വിവരം തള്ളി പൊലീസ്. രാഹുൽ ഒളിവിലല്ലെന്ന് തോന്നിപ്പിക്കാൻ നടത്തിയ നീക്കമാണിതെന്നാണ് പൊലീസ് വിലയിരുത്തൽ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയെന്ന വിവരം തള്ളി പൊലീസ്. രാഹുൽ ഒളിവിലല്ലെന്ന് തോന്നിപ്പിക്കാൻ നടത്തിയ നീക്കമാണിതെന്നാണ് പൊലീസ് വിലയിരുത്തൽ. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നിരവധി നീക്കങ്ങൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. തൃശൂർ, പാലക്കാട്, കൊയമ്പത്തൂർ, ബെംഗളൂരു എന്നിവടങ്ങളിൽ ഇന്ന് കൂടുതൽ പരിശോധന നടത്തും. സംസ്ഥാന വ്യാപകമായും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാഹുൽ കൂടുതൽ യാത്ര ചെയ്യാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ. രാഹുൽ പാലക്കാട് നിന്ന് കടന്നത് ചുവന്ന പോളോ കാറിലാണെന്നാണ് സൂചന. പാലക്കാട് നിന്ന് മുങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് രാഹുലിന്‍റെ കൈവശം ഈ കാർ ഉണ്ടായിരുന്നു. കൂടാതെ രാഹുലിന്‍റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്‍റ് കെയർ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും. അതുപോലെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് വിവരം. ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കി. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രം പല വഴിയ്ക്ക് സഞ്ചരിച്ചു.
സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയിൽ രാഹുലിന്‍റെ റൂട്ട് അവ്യക്തം. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. ഉച്ചയോടെ രാഹുൽ പോയ വഴി കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബലാത്സംഗ കേസിൽ രാഹുൽ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള പൊലീസിന്‍റെ ഊര്‍ജ്ജിത നീക്കം.



