കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് നൽകിയതായി കുറുവിലങ്ങാട് പൊലീസ്. നവംബർ 11ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് നൽകിയിരിക്കുന്നത്. ജലന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് കൈമാറിയതായി കുറുവിലങ്ങാട് പൊലീസ് അറിയിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകാനാണ് ഫ്രാങ്കോയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്തെത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടിയാണ് ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതി നൽകിയത് മുതൽ തന്നെ പലരും ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീ ആരോപിക്കുന്നത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായും കന്യാസ്ത്രീ പരാതിയിൽ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ അനുയായികളുടെ യൂട്യൂബ് ചാനലുകളിലൂടെയും അപമാനിക്കാൻ ശ്രമിക്കുന്നു. തന്നെ തിരിച്ചറിയുന്ന വിധത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും ഭീഷണിപ്പെടുത്തുന്നവർക്കെതിരെയും നടപടിയെടുക്കണമെന്ന് സംസ്ഥാന ദേശീയ വനിതാ കമ്മീഷനുകൾക്ക് നൽകിയ പരാതിയിൽ കന്യാസ്ത്രീ ആവശ്യപ്പെടുന്നു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇതുവരെ എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൻ്റെ നാൾവഴികളിൽ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവർക്കെതിരെയാണ് കേസ് നല്‍കിയിട്ടുള്ളത്. എന്നാൽ ഫാ. ജെയിംസ് എര്‍ത്തയിലിൻ്റെ കേസുൾപ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും കന്യാസ്ത്രീ പരാതിപ്പെട്ടു. കേസന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നും കന്യാസ്ത്രീയുടെ പരാതിയിൽ പറയുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്‍റെ തന്നെ നേതൃത്വത്തിൽ ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ വീണ്ടും ഇരയെ സമൂഹമാധ്യമത്തിൽ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകൾ ഇറക്കുന്നതിൽ മനം നൊന്താണ് കന്യാസ്ത്രീ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.