തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റൂട്ടിൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിക്ക് മന്ത്രിസഭ അം​ഗീകാരം നൽകി. 583 കിലോമീറ്റർ നീളത്തിലാണ് പദ്ധതി. നാലു ഘട്ടമായാണ് നടപ്പാക്കുക

തിരുവനന്തപുരം: അതിവേ​ഗ റെയിൽപാതയുമായി കേരളം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റൂട്ടിൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിക്ക് മന്ത്രിസഭ അം​ഗീകാരം നൽകി. 583 കിലോമീറ്റർ നീളത്തിലാണ് പദ്ധതി. നാലു ഘട്ടമായാണ് നടപ്പാക്കുക. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.

കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് അതിവേ​ഗ റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ട് പോകുന്നത്. ഡൽഹി - മിററ്റ് ആർആർടിഎസ് മാതൃകയിലാണ് കേരളത്തിലും നടപ്പാക്കുക. മണിക്കൂറിൽ 160 - 180 കിലോമീറ്റർ വരെ വേഗം, കുറഞ്ഞ സ്റ്റേഷൻ ഇടവേള, ഉയർന്ന യാത്രാ ശേഷി എന്നിവയാണ് പ്രത്യേകത. മീററ്റ് മെട്രോ എന്നത് ആർആർടിഎസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം പൂർണമായും ഗ്രേഡ് - സെപ്പറേറ്റഡ് ആയാണ് നടപ്പിലാക്കുക.

എൻസിആർടിസി വഴി ദില്ലി - എൻസിആർ മേഖലയിൽ നടപ്പിലാക്കുന്ന ആർആർടിഎസ് പദ്ധതി ദില്ലി - എൻസിആർ പരിധിക്ക് പുറത്തേക്കും പരിഗണിക്കാമെന്ന അനുകൂല നിലപാട് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഡിപിആർ സമർപ്പിക്കപ്പെടുന്നത് അനുസരിച്ച് കേരളത്തിലെ ആർ്ആർടിഎസ് പദ്ധതിയും ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി കേരള സന്ദർശന വേളയിൽ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിനായി അതിവേഗ റെയിൽവേ സംവിധാനമായ ആർആർടിഎസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി പരിരക്ഷ ആവശ്യമായ ഭൂപ്രകൃതിയും കണക്കിലെടുത്ത്, തറനിരപ്പിൽ കൂടെയുള്ള മോഡലിന് പകരം തൂണുകൾ വഴിയുള്ള മോഡലാണ് സ്വീകരിക്കുന്നത്. ഇതിലൂടെ ഭൂമിയേറ്റെടുപ്പ് ഗണ്യമായി കുറയ്ക്കുവാനും പ്രകൃതിദത്ത ജലപ്രവാഹം തടസ്സപ്പെടുന്നത് ഒഴിവാക്കാനും ചില പ്രദേശങ്ങളിൽ ഉയർന്നു വന്ന അഭിപ്രായ വ്യത്യാസങ്ങൾ കുറയ്ക്കുവാനും സാധിക്കും. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളിൽ കൂടെയും ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം എംബാങ്ക്മെന്റ്, ടണൽ എന്നിവയിലൂടെയും ആയിരിക്കും.

ആർആർടിഎസ് നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കും. കൊച്ചി മെട്രോയുമായും ഭാവിയിൽ വിഭാവന ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങളും ആർആർടിഎസ് സ്റ്റേഷനുകളുമായി സംയോജിപ്പിക്കാൻ സാധ്യമാകും. ലാസ്റ്റ് മൈൽ കണക്ട്വിറ്റി മെച്ചപ്പെടുകയും സ്വകാര്യ വാഹന ആശ്രയം കുറയുകയും ചെയ്യും. പദ്ധതിച്ചെലവിന്റെ 20% സംസ്ഥാന സർക്കാർ, 20% കേന്ദ്ര സർക്കാർ, ശേഷിക്കുന്ന 60% അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ദീർഘകാല വായ്പ എന്ന നിലയിലാണ് ദില്ലി ആർആർടിഎസ് നടപ്പിലാക്കുന്നത്. ഇതേ മാതൃക ആണ് കേരളത്തിലും സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത്.

YouTube video player