മൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചയക്കാൻ ആവശ്യത്തിന് സംവിധാനങ്ങളും സാമഗ്രികളുമില്ലാതെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ മിക്ക ദ്രുതകര്‍മ്മസേനയുടേയും പ്രവര്‍ത്തനം. 

രാവും പകലുമില്ലാതെ ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ വനംവകുപ്പിനുള്ള ഏക സംവിധാനം ദ്രുതകർമ്മസേന മാത്രമാണ്. മൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചയക്കാൻ ആവശ്യത്തിന് സംവിധാനങ്ങളും സാമഗ്രികളുമില്ലാതെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ മിക്ക ദ്രുതകര്‍മ്മസേനയുടേയും പ്രവര്‍ത്തനം. 

ഒരു രാത്രിയില്‍ തന്നെ പാലക്കാട് അട്ടപ്പാടിയുടെ പല ഭാഗങ്ങളിലും ആനയിറങ്ങും. തുരത്തിയോടിച്ച ആനകള്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങും. അതിനിടയില്‍ ചിലപ്പോള്‍ വീട്ടില്‍ പെരുമ്പാമ്പ് കേറിയെന്ന് വിളി വരും. കാട്ടുപോത്താക്രമിച്ചെന്ന് വിവരം കിട്ടും. ഇതിനോടൊക്കെ പോരടിക്കാൻ ആകെയുള്ളത് ഒറ്റ റാപിഡ് റെസ്പോൺസ് ടീം മാത്രമാണ്.

സംസ്ഥാനത്ത് ആകെയുള്ളത് ഏഴ് ആർആർടി സംഘമാണ്. ഇരുപത് പേരാണ് ഓരോ സംഘത്തിലുമുള്ളത്. അതിൽ ആകെ സ്ഥിരനിയമനക്കാർ അഞ്ചോ ആറോ മാത്രമാണ്. എല്ലാ സംഘത്തിലും നാടറിയുന്ന ഒന്നോ രണ്ടോ പേരുണ്ടാകും. ഈ ദിവസക്കൂലിക്കാർക്ക് പലപ്പോളും പ്രതിഫലവുമില്ല. ഇനി ജീവൻ പണയം വച്ച് പണിക്കിറങ്ങുന്ന ഇവര്‍ക്ക് ആനയെ തുരത്താൻ ഒരു റബർ ബുള്ളറ്റ് കയ്യിലില്ല. പുലിയെ പിടിക്കാൻ പലപ്പോഴും കൂടുമില്ല. സുരക്ഷക്ക് വേണ്ടി റബ്ബര്‍ ബുള്ളറ്റും തോക്കും ഉപയോഗിക്കാന്‍ അനുമതി വേണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. 

വന്യമൃഗാക്രമങ്ങൾ ഇത്ര പെരുകിയിട്ടും സംസ്ഥാനത്ത് കൂടുതൽ ദ്രുതകർമ്മസേനകളെ വിന്യസിക്കണം എന്നാവശ്യം കേട്ട ഭാവം പോലും സർക്കാർ നടിക്കുന്നില്ല. പരിമിതികൾ പറഞ്ഞിരിക്കാൻ ആകെയുള്ളവർക്ക് സമയമില്ല. അപ്പോഴേക്കും അടുത്ത വിളി എത്തും , ആനയിറങ്ങിയെന്നോ, പുലിയെ കണ്ടെന്നോ. പരിമിതികളില്‍ നട്ടം തിരിയുന്ന സംഘം അത് പരിഗണിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്.