Asianet News MalayalamAsianet News Malayalam

ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല നഷ്ടപ്പെട്ടതായി പൊലീസിൻ്റെ സ്ഥിരീകരണം

81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാലയാണ് ക്ഷേത്രത്തിൽ നിന്നും നഷ്ടമായതായി പൊലീസ് സ്ഥിരീകരിച്ചത്. നിലവിൽ ഉപയോഗിക്കുന്ന 72 മുത്തുള്ള മാല പകരം വച്ചതാണെന്നും ക്ഷേത്രത്തിൽ നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷം പൊലീസ് വ്യക്തമാക്കുന്നു

rare gold chain lost from ettumanur temple confirms police
Author
Ettumanoor, First Published Sep 24, 2021, 4:01 PM IST

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉപയോഗിച്ചിരുന്ന സ്വർണ രുദ്രാക്ഷമാല പൂർണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു. 81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാലയാണ് ക്ഷേത്രത്തിൽ നിന്നും നഷ്ടമായതായി പൊലീസ് സ്ഥിരീകരിച്ചത്. നിലവിൽ ഉപയോഗിക്കുന്ന 72 മുത്തുള്ള മാല പകരം വച്ചതാണെന്നും ക്ഷേത്രത്തിൽ നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷം പൊലീസ് വ്യക്തമാക്കുന്നു. മാല വിവാദമുണ്ടായ ശേഷമാണ് 72 മുത്തുള്ള മാല രജിസ്റ്ററിൽ ചേർത്തതെന്നും പൊലീസ് പറയുന്നു. 

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിൽ നേരത്തെ ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മാല നഷ്ടപ്പെട്ട വിവരം യഥാസമയം ബോർഡിനെ അറിയിക്കാത്തതിനാണ് ഉദ്യോഗസ്ഥർക്കെതിരെ ദേവസ്വം ബോർഡ് നടപടിയെടുത്തത്. 

തിരുവാഭരണം കമ്മീഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റൻറ് കമ്മീഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർക്കെതിരെയാണ്  നിലവിൽ ദേവസ്വം ബോർഡ് നടപടിയെടുത്തിരുന്നത്.മാല നഷ്ടപ്പെട്ട വിവരം അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലൻസ് എസ്പി പി ബിജോയിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡിൻറെ നടപടി. 

മാല അല്ല 9 മുത്തുകൾ മാത്രമാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു തിരുവാഭരണം കമ്മീഷണർ അജിത് കുമാർ ദേവസ്വം ബോർഡിന് നൽകിയ റിപ്പോർട്ട്. ജൂലൈയിൽ പുതിയ മേൽശാന്തി സ്ഥാനമേറ്റപ്പോഴാണ് 81 രുദ്രാക്ഷ മുത്തുകൾ ഉള്ള സ്വർണം കെട്ടിയ മാല കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. പകരം ഉണ്ടായിരുന്നത് 72 മുത്തുകൾ ഉള്ള മാല ആയിരുന്നു. ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മേൽശാന്തിക്കെതിരെ ക്രിമിനൽ നടപടിയിലേക്ക് കടക്കാനും ദേവസ്വംബോർഡ് തീരുമാനിച്ചിരുന്നു. 

സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.താൻ ചുമതല ഏറ്റപ്പോൾ കിട്ടിയത് 72 മുത്തുകളുള്ള മാല ആയിരുന്നുവെന്നാണ് മുൻ മേൽശാന്തി കേശവൻ സത്യേശ് പോലീസിന് നൽകിയിയ മൊഴി. മാലയ്ക്ക് വലിപ്പം ഇല്ലാത്തതിനാൽ വിഗ്രഹത്തിൽ ചാർത്തിയിരുന്നില്ല എന്നും മുൻ മേൽശാന്തി പറയുന്നു. മറ്റ് മേൽശാന്തിമാരുടെ കൂടി മൊഴി എടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. 23 ഗ്രാം സ്വർണ്ണം അടങ്ങിയ മാല കാണാതായെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മോഷണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios