Asianet News MalayalamAsianet News Malayalam

"വിൽക്കാൻ തൃശ്ശൂർ പൂരം തറവാട് സ്വത്തല്ല" പ്രതികരിച്ച് റസൂൽ പൂക്കുട്ടി

തൃശ്ശൂർ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് അവകാശം സോണി മ്യൂസികിന് കിട്ടിയെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു റസൂൽ പൂക്കുട്ടി

Rasool pookkutty on Thrissur pooram video copyright sony controversy
Author
Thrissur, First Published May 14, 2019, 10:07 PM IST

തിരുവനന്തപുരം: തൃശ്ശൂർ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് അവകാശവുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് റസൂൽ പൂക്കുട്ടി. താൻ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും, സോണിയുമായി യാതൊരു ക്രിയവിക്രയത്തിന്റെയും ഭാഗമായിട്ടില്ലെന്നും റസൂൽ പൂക്കുട്ടി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

"ഈ ആരോപണത്തിൽ യാതൊരു വാസ്തവവുമില്ല. ഞാൻ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. അവരുമായി ഒറു ക്രിയവിക്രയത്തിന്റെയും ഭാഗമായിട്ടില്ല. തൃശ്ശൂർ പൂരത്തിന്റെ ഓഡിയോ ഞാൻ റെക്കോർഡ് ചെയ്തത് ആർക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതിൽ അതിൽ എനിക്ക് പങ്കില്ല. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോൺ മീഡിയയുമാണ് നിർമ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നൽകിയതെന്നാണ് എന്റെ അറിവ്. അല്ലാതെ ഐപിആറോ, കോപ്പിറൈറ്റ് ലഭിക്കുന്ന തരത്തിലുള്ള എന്തെങ്കിലുമോ അവർക്ക് ലഭിച്ചിട്ടുള്ളതായി ഞാൻ കരുതുന്നില്ല. അതിൽ എനിക്ക് പങ്കുമില്ല," റസൂൽ പൂക്കുട്ടി വ്യക്തമാക്കി.

"വിൽക്കാൻ തൃശ്ശൂർ പൂരം എന്റെ തറവാട് സ്വത്തല്ല. തൃശ്ശൂർ പൂരം കേരള സംസ്കാരത്തിന്റെ ഭാഗമാണ്. അത് എല്ലാവരുടേതുമാണ്. അതിൽ ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പിറൈറ്റ് അവകാശം എടുക്കാനാവില്ല. ഇനി അഥവാ അങ്ങിനെയെടുത്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. ഞാനതിനെ അനുകൂലിക്കുന്നില്ല. പെപ്സി കമ്പനി കർഷകർക്ക് എതിരെ കേസ് കൊടുത്തത് പോലെ വിവക്ഷിക്കാവുന്ന ഒന്നാണത്. തൃശ്ശൂർ പൂരമൊന്നും അങ്ങിനെ തോന്നുംപടി ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതല്ല. എനിക്ക് തോന്നുന്നത് ഇതിൽ മറ്റെന്തോ പ്രശ്നമുണ്ടെന്നാണ്. അതെന്താണെന്ന് കരുതി പരിഹരിക്കേണ്ടതുണ്ട്," റസൂൽ പൂക്കുട്ടി പറഞ്ഞു.

തൃശ്ശൂർ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് അവകാശം സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അതിനാൽ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്നില്ലെന്നുമാണ് തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എആർഎൻ മീഡിയ ആരോപിച്ചിരിക്കുന്നത്. കോപ്പിറൈറ്റ് പ്രശ്നം ഉള്ളതിനാൽ ഫെയ്‌സ്ബുക്കിൽ ലൈവായി വീഡിയോ പ്രദർശിപ്പിക്കുമ്പോൾ തന്നെ ഇത് ഫെയ്സ്ബുക്ക് ബ്ലോക്കാക്കുമെന്നും പിന്നീട് ദിവസങ്ങൾ കഴിഞ്ഞേ ബ്ലോക്ക് നീക്കി കിട്ടുകയുള്ളൂവെന്നുമാണ് എആർഎൻ മീഡിയ ഉടമ വിനു മോഹനൻ പറഞ്ഞത്. മുൻപ് പെരുവനം ആറാട്ടുപുഴ പൂരത്തിനുണ്ടായ ദുരനുഭവം മൂലം ഇക്കുറി തൃശ്ശൂർ പൂരം ലൈവായി കവർ ചെയ്തില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios