സിസ്റ്റർ റാണിറ്റ് ഉൾപ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് അനുവദിയ്ക്കാൻ സർക്കാർ തീരുമാനം. ഭക്ഷ്യമന്ത്രി  ജി ആര്‍ അനിൽ കോട്ടയത്ത് എത്തി നേരിട്ട് കാര്‍ഡ് കൈമാറും.

തിരുവനന്തപുരം: സിസ്റ്റർ റാണിറ്റ് ഉൾപ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് അനുവദിയ്ക്കാൻ സർക്കാർ തീരുമാനം. ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡന കേസിലെ അതിജീവിതയായ സിസ്റ്റർ റാണിറ്റ്, കഴി‍ഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സര്‍ക്കാര്‍ തീരുമാനം. ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ കോട്ടയത്ത് എത്തി നേരിട്ട് കാര്‍ഡ് കൈമാറും. സിസ്റ്റര്‍ റാണിറ്റുമായി സംസാരിച്ചശേഷം മറ്റ് ആവശ്യങ്ങളിലും അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി ആര്‍ അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മഠത്തിലെ സിസ്റ്റര്‍മാര്‍ക്ക് റേഷൻ കാര്‍ഡില്ലെന്വിന വരം ഗൗരവമായി കണ്ടാണ് ജില്ലാ സപ്ലൈ ഓഫീസറെ ബന്ധപ്പെട്ട് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതെന്ന് മന്ത്രി ജിആര്‍ അനിൽ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസറും ജില്ലാ സപ്ലൈ ഓഫീസറും മഠത്തിലെത്തിയപ്പോള്‍ മൂന്നുപേര്‍ക്ക് റേഷൻ കാര്‍ഡില്ലെന്ന് വ്യക്തമായി. ഇവര്‍ക്ക് ആനൂകുല്യം കിട്ടുന്നില്ലെന്നും അറിഞ്ഞു. അവര്‍ താമസിക്കുന്ന സ്ഥലത്തെ വിലാസം ഉള്‍പ്പെടുത്തി കാര്‍ഡ് അനുവദിച്ചിട്ടുണ്ട്. അനുവദിച്ച കാര്‍ഡ് ബുധനാഴ്ച കോട്ടയത്ത് വെച്ച് അവര്‍ക്ക് കൈമാറുമെന്നും മന്ത്രി ജിആര്‍ അനിൽ പറഞ്ഞു. കേരളത്തിലെ ഈ സര്‍ക്കാര്‍ ഇതുവരെയായി ആറു ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ റേഷൻ കാര്‍ഡ് നൽകിയിട്ടുണ്ടെന്നും വീടില്ലാത്തവര്‍ക്കും വാടക വീടുകളിൽ കഴിയുന്നവര്‍ക്കും പുറമ്പോക്കിൽ കുടിൽകെട്ടി കഴിയുന്നവര്‍ക്കുമടക്കം റേഷൻ കാര്‍ഡ് നൽകുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും ജിആര്‍ അനിൽ പറഞ്ഞു.

സ്വന്തമായി റേഷൻ കാര്‍ഡ് പോലുമില്ലാത്തെ ബുദ്ധിമുട്ടുന്ന കാര്യം സിസ്റ്റര്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും പൊതുസമൂഹം തങ്ങളുടെ കൂടെയുള്ളതിനാലാണ് മുന്നോട്ടുപോകുന്നതെന്നും കൈകളും കാലുകളും കെട്ടിയിട്ട നിലയിലാണെന്നുമാണ് സിസ്റ്റര്‍ റാണിറ്റ് പ്രതികരിച്ചത്. തയ്യിൽ ജോലി ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. അതിനെപ്പോലും സഭാഅധികാരികള്‍ തങ്ങള്‍ ബിസിനസ് ചെയ്യുകയാണെന്നാണ് പറയുന്നതെന്നും സിസ്റ്റര്‍ അഭിമുഖത്തിൽ പറഞ്ഞിരുന്നു.