സംസ്ഥാനത്തിൻ്റെ നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് കേന്ദ്രസർവീസിൽ നിന്ന് വിടുതൽ നൽകി

ദില്ലി: സംസ്ഥാനത്തിൻ്റെ നിയുക്ത പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നാളെ രാവിലെ ചുമതലയേൽക്കും. കേന്ദ്രസർവീസിൽ നിന്ന് അദ്ദേഹത്തിന് വിടുതൽ നൽകി. കേന്ദ്ര ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. നാളെ രാവിലെ എട്ട് മണിക്കാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ഇന്ന് വൈകിട്ട് അദ്ദേഹം തിരുവനന്തപുരത്തെത്തും. നാളെ കണ്ണൂരിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കേരള കേഡറിൽ 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. സംസ്ഥാനത്തിന്റെ 41ാം പൊലീസ് മേധാവിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. 2026 ജൂലായ് വരെയാണ് അദ്ദേഹത്തിന് സർവീസുള്ളത്. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ യുപിഎസ്‌സി നൽകിയ ചുരുക്കപ്പട്ടികയിലെ ഒന്നാമനായിരുന്ന നിതിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

കൂത്തുപറമ്പ് വെടിവയ്പ്പ് കേസിൽ രണ്ട് പതിറ്റാണ്ടോളം പ്രതി സ്ഥാനത്തായിരുന്ന റവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയാക്കിയതിൽ സിപിഎമ്മിൽ അമർഷം പുകയുന്നുണ്ട്. റവാഡയ്ക്ക് എതിരെ പാർട്ടി നടത്തിയ സമരം ഓർമിപ്പിച്ച് പി ജയരാജൻ, നിയമനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് പറഞ്ഞു. റവാഡയെ പ്രതിസ്ഥാനത്തുനിന്ന് കോടതി ഒഴിവാക്കിയതാണെന്നും സർക്കാർ നടത്തിയ നിയമനത്തിൽ പാർട്ടി ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. മന്ത്രിയുടെ ജീവൻ അപകടത്തിലായപ്പോഴാണ് കൂത്തുപറമ്പിൽ വെടിവയ്പ്പുണ്ടായതെന്ന് വിഡി സതീശനും പ്രതികരിച്ചു.

YouTube video player