ഇക്കഴിഞ്ഞ മെയ് മാസം 15ാം തിയതിയാണ് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നജീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്

തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട നജീറമോളുടെ കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. കൊല്ലം പത്തനാപുരം കണ്ടയം ചരുവിള വീട്ടില്‍ നജീറമോളുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപയാണ് ധനസഹായം അനുവദിച്ചത്.

ഇക്കഴിഞ്ഞ മെയ് മാസം 15ാം തിയതിയാണ് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നജീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്.

 ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞ ഇരുപത്തിരണ്ടുകാരി ജൂൺ 17 നാണ് മരണപ്പെട്ടത്. മരണശേഷം നടത്തിയ പരിശോധനയിൽ നജീറയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

മന്ത്രിസഭയുടെ മറ്റ് തീരുമാനങ്ങൾ

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാ പിഴവുമൂലം മരണമടഞ്ഞ ബിന്ദുവിന്‍റെ ഭര്‍ത്തവ് പി. പ്രവീണിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3 ലക്ഷം രൂപ കൂടി അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ 2 ലക്ഷം രൂപ അനുവദിച്ചിരുന്നു.


പെന്‍ഷന്‍ പരിഷ്കരിക്കും

സര്‍വ്വകലാശാലകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. ശമ്പള പരിഷ്കരണത്തിനോടൊപ്പം 1.07.2019 മുതല്‍ പെന്‍ഷന്‍ പരിഷ്ക്കരണവും പ്രാബല്യത്തില്‍ വരും. 2021 ജൂലൈ 1 മുതല്‍ പരിഷ്ക്കരിച്ച പ്രതിമാസ പെന്‍ഷന്‍ നല്‍കി തുടങ്ങും. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഈ വ്യവസ്ഥയില്‍ പെന്‍ഷന്‍ നല്‍കും. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona