ഇടുക്കി: നെടുങ്കണ്ടത്ത് കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ് കുമാറിന്‍റെ മൃതദേഹം റീ പോസ്റ്റ്‍മോര്‍ട്ടം ചെയ്യണമെന്ന് ജുഡിഷ്യൽ കമ്മീഷൻ റിട്ട ജസ്റ്റിസ് നാരായണക്കുറുപ്പിന്‍റെ  തീരുമാനം സ്വാഗതം ചെയ്ത് രാജ്‌കുമാറിന്റെ അമ്മ കസ്തൂരി. തെളിവുകള്‍ പുറത്ത് വരണം, കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് കസ്തൂരി വാഗമണിൽ പറഞ്ഞു.

കമ്മീഷൻ തെളിവെടുപ്പിനായി നെടുങ്കണ്ടം സ്റ്റേഷനിൽ എത്തിയ  കമ്മീഷന്‍ ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ ഗുരുത വീഴ്ച സംഭവിച്ചുവെന്ന് വെളിപ്പെടുത്തി. പോസ്റ്റ്‍മോര്‍ട്ടം ലാഘവത്തോടെയാണ് നടന്നത്. ഒരു ഉത്തരവാദിത്തവും ഇല്ലാതെ നടത്തിയ പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിൽ നിന്ന് ഒന്നും കിട്ടാനില്ല. പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിലെ അപാകത മൂലം റഡാർ ഇല്ലാത്ത കപ്പൽ പോലെ ആണ് അന്വേഷണം നീങ്ങുന്നതെന്നും ജുഡീഷ്യൽ കമ്മീഷൻ പറഞ്ഞു. പ്രൊഫഷണലിസം ഇല്ലാതെയാണ് പോസ്റ്റ്‍മോര്‍ട്ടം നടന്നത്- കമ്മീഷന്‍ വ്യക്തമാക്കി.