2016 ജൂലൈ 19ന് ചേർന്ന വഖഫ് ബോർഡ് യോഗമാണ് പി എസ് സി വഴി നിയമനം നടത്തണമെന്ന തീരുമാനം എടുത്തത്. ഈ യോഗത്തിലോ തുടർന്നുള്ള സമയത്തോ എതിരഭിപ്രായം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്‌ളീം സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ്യരായവരെ നിയമിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കും. വഖഫ് ബോർഡ് നിയമനങ്ങൾ സംബന്ധിച്ച് മുസ്‌ളീം സമുദായ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തിൽ സർക്കാരിന് തുറന്ന മനസാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടണം എന്ന ആവശ്യം ഉയർന്നു വന്ന ഘട്ടങ്ങളിലൊന്നും എതിർപ്പ് ഉണ്ടായിട്ടില്ല. 2016 ജൂലൈ 19ന് ചേർന്ന വഖഫ് ബോർഡ് യോഗമാണ് പി എസ് സി വഴി നിയമനം നടത്തണമെന്ന തീരുമാനം എടുത്തത്. ഈ യോഗത്തിലോ തുടർന്നുള്ള സമയത്തോ എതിരഭിപ്രായം ഉണ്ടായില്ല. ഗവർണർ ഒപ്പുവച്ച് നിയമം വന്ന ശേഷമാണ് നിയമനം പി എസ് സിക്ക് വിടരുതെന്ന ആവശ്യം ഉയർന്നത്. സബ്ജക്ട് കമ്മിറ്റി വിഷയം പരിഗണിച്ച വേളയിലും നിയമസഭയിൽ ഈ വിഷയത്തിൽ ചർച്ച നടന്നപ്പോഴും പി എസ് സിക്ക് വിടരുത് എന്ന വാദം ആരും ഉന്നയിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബോർഡിൽ നിലവിലുള്ള താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുള്ള ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാനാണ് 2017 നവംബർ 15ലെ മന്ത്രിസഭാ യോഗം ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുമ്പോൾ തീരുമാനിച്ചത്. വഖഫ് ബോർഡിൽ നിലവിൽ ജോലി ചെയ്തു വരുന്നവർക്ക് സംരക്ഷണം വേണമെന്ന ആവശ്യം മാത്രമാണ് നിയമസഭയിലും ചർച്ച ചെയ്യുമ്പോൾ ഉണ്ടായത്. അതിനാലാണ് നിയമനിർമാണവുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുസ്‌ളീം സംഘടനാ നേതാക്കൾ തങ്ങളുടെ അഭിപ്രായങ്ങൾ യോഗത്തിൽ അറിയിച്ചു. മന്ത്രി വി അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ വിപി ജോയ്, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കേരള മുസ്‌ളീം ജമാഅത്തിനെ പ്രതിനിധീകരിച്ച് സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ, എ സെയ്ഫുദ്ദീൻ ഹാജി, സമസ്ത കേരളം ജംഇയ്യത്തുൽ ഉലമയിൽ നിന്ന് വടക്കോട്ട് മൊയ്തീൻകുട്ടി ഫൈസി, മോയിൻകുട്ടി മാസ്റ്റർ, കേരള മുസ്‌ളീം ജമാഅത്ത് ഫെഡറേഷനെ പ്രതിനിധീകരിച്ച് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, കേരള നദു വത്തുൽ മുജാഹിദീനെ പ്രതിനിധീകരിച്ച് ടി പി അബ്ദുല്ല കോയ മദിനി, ഡോ ഹുസ്സയിൻ മടവൂർ, വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷനിൽ നിന്ന് ടി കെ അഷ്‌റഫ്, ഡോ നഫീസ്, മർകസുദ്ദഅ്‌വയിൽ നിന്ന് ഡോ ഐ പി അബ്ദുൽ സലാം, എൻ എം അബ്ദുൽ ജലീൽ, മുസ്‌ളീം എഡ്യൂക്കേഷൻ സൊസൈറ്റിയിൽ നിന്ന് ഡോ പി എ ഫസൽ ഗഫൂർ, പ്രൊഫ. കടവനാട് മുഹമ്മദ്, മുസ്‌ളീം സർവീസ് സൊസൈറ്റിയിൽ നിന്ന് ഡോ ഇ മുഹമ്മദ് ഷരീഫ്, അഹമ്മദ് കുഞ്ഞ്, കേരള മുസ്‌ളീം ജമ അത്ത് കൗൺസിലിനെ പ്രതിനിധീകരിച്ച് കെ എം ഹാരിസ്, കരമന ബയാർ, തബ്‌ളീഗ് ജമാഅത്തിനെ പ്രതിനിധീകരിച്ച് സെയ്ദുൽ ആബിദീൻ കെ പി, ഹാരിഫ് ഹാജി, എം ഇ സി എ (മെക്ക) യിൽ നിന്ന് എ ഐ മുബീൻ, പ്രൊഫ ഇ അബ്ദുൽ റഷീദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.