തൃശ്ശൂര്‍: സർക്കാർ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ  മാവോയിസ്റ്റുകളുമായുള്ള ചർച്ചക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ്. തൃശൂര്‍ വലപ്പാടുളള വീട്ടില്‍ ഒരു ദിവസത്തെ പരോളിനെത്തിയ രൂപേഷ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആണ് ഇക്കാര്യം പറഞ്ഞത്. 

മാവോയിസ്റ്റുകളെ കൈകാര്യം ചെയ്യുന്ന രീതിയില്‍  സര്‍ക്കാര്‍ മാറ്റം വരുത്തണമെന്നാണ് രൂപേഷിൻറെ ആവശ്യം. ചോരക്കളി അവസാനിപ്പിക്കാൻ പൊലീസ് തയ്യാറാകണം. എങ്കില്‍ മാവോയിസ്റ്റുകളുമായുളള ചര്‍ച്ചക്ക് കളമൊരുങ്ങുമെന്നും രൂപേഷ് പറഞ്ഞു. മാവോയിസ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ തടവുകാരനായി  വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ് രൂപേഷ് ഇപ്പോൾ.

പന്ത്രണ്ടംഗ തണ്ടർബോൾട്ട് സംഘത്തിന്റെ അകമ്പടിയോടെയാണ് രൂപേഷിനെ രാവിലെ വലപ്പാടെത്തിച്ചത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ആറുമണിക്കൂർ സമയമാണ് പരോൾ ആയി അനുവദിച്ചത്. വൈത്തിരി വെടിവെയ്പ്പ് കൂടി കണക്കിലെടുത്ത് പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ വീട്ടിലും പരിസര പ്രദേശങ്ങളിലുമായി ഒരുക്കിയിരുന്നു.