കോഴിക്കോട്: യുഎപിഎ കേസിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. പന്തീരാങ്കാവിലെ കേസ് വാളയാർ സംഭവത്തിൽ  നിന്ന് ജനശ്രദ്ധ തിരിച്ചു വിടാൻ ഉദ്ദേശിച്ചുള്ളതാണ്. ഇപ്പോൾ എല്ലാവരും യുഎപിഎ കേസിന്‍റെ പിറകെയായി. ഇതോടെ വാളയാർ കേസിൽ പെണ്‍കുട്ടികൾക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ടുവെന്നും ജോയ് മാത്യു പറഞ്ഞു. 

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  യുഎപിഎ ചുമത്തിയതിനെ തള്ളി പറഞ്ഞിരുന്നു. വാർത്താ കുറിപ്പിലൂടെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  യുഎപിഎ ചുമത്തിയതിനെ തള്ളി പറഞ്ഞത്. അറസ്റ്റ് സർക്കാരിനെതിരെ തിരിച്ചു വിടാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.

നേരത്തെ സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി എൽ‍ഡിഎഫ് കണ്‍വീനർ എ വിജയരാഘവൻ രംഗത്തെത്തിയിരുന്നു. കേസിൽ മുഖ്യമന്ത്രിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും മറിച്ച് പൊലീസിനാണ് വീഴ്ച പറ്റിയതെന്നും വിജയരാഘവൻ പറഞ്ഞു. യുഎപിഎ ചുമത്തിയത് ശരിയോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലനും പറഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റും മുതിർന്ന നേതാക്കളും പൊലീസിനെതിരെ  നിലപാട് സ്വീകരിക്കുന്നത് സിപിഎമ്മിനെയും സർക്കാരിനെയും  പ്രതിരോധത്തിലാക്കുകയാണ്.