Asianet News MalayalamAsianet News Malayalam

കേരളാ കോൺഗ്രസ് ജോസഫിൽ ഭിന്നത, ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് വിമതവിഭാഗം

സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിമത നേതാക്കൾ വിട്ടുനിന്നു. ഫ്രാൻസിസ് ജോർജ് വിഭാഗമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത്

rebel trouble in kerala congress joseph
Author
Thiruvananthapuram, First Published Jul 15, 2021, 5:28 PM IST

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പാർട്ടി സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കം കൂടുതൽ രൂക്ഷം. കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിമത നേതാക്കൾ വിട്ടുനിന്നു. ഫ്രാൻസിസ് ജോർജ് വിഭാഗമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. .ഫ്രാൻസിസ് ജോർജ്ജിനൊപ്പം ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നീ നേതാക്കളും ചടങ്ങിൽ പങ്കെടുത്തില്ല. അനാരോഗ്യം കാരണമാണ് ചടങ്ങിലെത്താത്തതെന്നാണ് ഫ്രാൻസിസ് ജോർജ്ജ് വിശദീകരിച്ചതെങ്കിലും പാർട്ടി സ്ഥാനം സംബന്ധിച്ച് ഉയർന്ന തർക്കങ്ങളാണ് തീരുമാനത്തിന് കാരണമെന്നാണ് സൂചന.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും പാർട്ടി സ്ഥാനം സംബന്ധിച്ച തർക്കം ഉയർന്ന് വന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് ഇക്കാര്യം ചർച്ചയായില്ല. അതിന് ശേഷം മോൻസ് ജോസഫ് അടക്കമുളള നേതാക്കൾക്ക് ഉയർന്ന സ്ഥാനം കൊടുത്തതാണ് ഫ്രാൻസിസ് ജോർജ് വിഭാഗത്തെ ചൊടിപ്പിച്ചത്. മുതിർന്ന നേതാവായ ഫ്രാൻസിസ് ജോർജിനെ പരിഗണിച്ചില്ലെന്നാണ് വിമത നേതാക്കൾ ഉയർത്തുന്ന പ്രശ്നം.

പാർട്ടിയിൽ പദവി നിശ്ചയിച്ചപ്പോൾ ചെയർമാൻ പിജെ ജോസഫിനും പിസി തോമസിനും തൊട്ട് താഴെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് മോൻസ് ജോസഫാണ്. പാർട്ടിയിൽ സീനിയറായ ഫ്രാൻസിസ് ജോർജ്ജിന് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമാണ് നൽകിയത്. സീനീയറായ തന്നെ താഴ്ന്ന പദവിയിൽ ഒതുക്കിയതിൽ ഫ്രാൻസിസ് ജോർജ്ജിനും ഒപ്പം നിൽക്കുന്നവർക്കും കടുത്ത അതൃപ്തിയായി.

പിജെ ജോസഫിനെപ്പോലും മറി കടന്ന് പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മോൻസ് ജോസഫിന്‍റെ നേതൃത്വത്തിലെ മൂന്നംഗം സംഘമാണെന്നും വിമത നേതാക്കൾ ആക്ഷേപിക്കുന്നു. വിമത നേതാക്കളെ അനുനയിപ്പിക്കാൻ പിജെ ജോസഫ് തൊടുപുഴയിലെ വീട്ടിൽ യോഗം വിളിച്ചെങ്കിലും ഫലം കണ്ടില്ല. അതേ സമയം പാർട്ടിയിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നും തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നുമാണ് അധ്യക്ഷൻ പിജെ ജോസഫ് വിശദീകരിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 


 

Follow Us:
Download App:
  • android
  • ios