Asianet News MalayalamAsianet News Malayalam

റീബിൽഡ് കേരള കൺസൾട്ടൻസിയിൽ തിരുകിക്കയറ്റിയ കമ്പനി സർക്കാർ പരിപാടിയുടെ സ്പോൺസർ

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി, ഹസ്കോണിംഗ് കൺസൾട്ടിംഗിന് വേണ്ടി വഴിവിട്ട് ഇടപെട്ടതിന്‍റെയും മുഖ്യമന്ത്രി അത് അംഗീകരിച്ചതിന്‍റെയും തെളിവുകൾക്ക് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്. 

rebuild kerala consultancy controversy foreign company husconing was a sponsor of a government programme
Author
Thiruvananthapuram, First Published Jul 23, 2020, 8:05 PM IST

തിരുവനന്തപുരം: റീബിൽഡ് കേരളയുടെ കൺസൾട്ടൻസി പട്ടികയിൽ തിരുകികയറ്റിയ കമ്പനി, സർക്കാർ പരിപാടിയുടെ സ്പോൺസറുമായി എന്നതിന് തെളിവ്. കൺസൾട്ടൻസി പട്ടികയിൽ കയറിപ്പറ്റാൻ ചരടുവലി നടക്കുമ്പോഴാണ് ഈ കമ്പനിയുടെ പണം സർക്കാർ സ്വീകരിച്ചത്. അതേസമയം, വിദേശയാത്രയിൽ മുഖ്യമന്ത്രി ഒപ്പം കൂട്ടിയ കുടുംബാംഗങ്ങളുടെ ചെലവ് ആരാണ് വഹിച്ചതെന്നതടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസിന് കത്ത് നൽകി.

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി, ഹസ്കോണിംഗ് കൺസൾട്ടിംഗിന് വേണ്ടി വഴിവിട്ട് ഇടപെട്ടതിന്‍റെയും മുഖ്യമന്ത്രി അത് അംഗീകരിച്ചതിന്‍റെയും തെളിവുകൾക്ക് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്. തിരുവന്തപുരത്ത് ജലവകുപ്പ് നടത്തിയ ഫ്ലഡ് കോൺഫറൻസിന്‍റെ മുഖ്യസ്പോൺസർ ഹസ്കോണിംഗ് കൺസൾട്ടൻസിയായിരുന്നു. ഇത് മാത്രമല്ല, കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥൻ പോൾ വാൻ നീൽ കോൺഫറൻസിൽ ഒരു പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. കമ്പനിയുടെ ഉൽപന്നങ്ങൾ പരിചയപ്പെടുന്ന സ്റ്റാളും അവിടെ ഉണ്ടായിരുന്നു. നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ ഈ പരിപാടി നടക്കുന്നത് 2020 ജനുവരിയിലാണ്.

ഇതേസമയത്താണ് ഹസ്കോണിംഗ് അടക്കമുളള രണ്ട് കമ്പനികളെ ഉൾപ്പെടുത്തുന്നതിന് എതിരെ ജലവകുപ്പിൽ എതിർപ്പ് ഉയർന്നത്. കമ്പനി പ്രതിനിധികൾ സെമിനാ‌റിൽ പങ്കെടുത്ത് മടങ്ങിയതിന് ശേഷമാണ് വിശ്വാസ് മേത്ത ഐഎഎസ് ഇവർക്ക് അനുകൂലമായി കുറിപ്പ് എഴുതിയത്. മുഖ്യമന്ത്രിയുടെ നെതർലൻഡ് സന്ദർശനത്തിൽ സഹായിച്ചതുകൊണ്ട് ഹസ്കോണിംഗിനെ കൺസൾട്ടൻസി പട്ടികയിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന വിചിത്രമായ കുറിപ്പിൽ അന്തിമ തെര‍ഞ്ഞെടുപ്പ് നടത്തുന്ന സമിതിയിൽ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം ഉൾപ്പെടുത്താനും ഇദ്ദേഹം ശുപാർശ ചെയ്തു.

അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ്

ഗുരുതരമായ ചട്ടലംഘനവും അഴിമതിയും അന്വേഷിക്കണമെന്ന് പ്രതിപക്ഷേനേതാവ് വിജലിൻസിന് കത്ത് നൽകി. മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ വിവാദ കമ്പനി എങ്ങനെയാണ് പിന്തുണച്ചതെന്നും പരിശോധിക്കണം. വിദേശയാത്രയിൽ തനിക്കൊപ്പം കുടുംബാഗങ്ങൾ വന്നത് സ്വന്തം ചിലവിലാണെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് ഇതുമായി ബന്ധമുണ്ടെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

അതേസമയം, തന്‍റെ വിദേശയാത്രയിൽ ഒരു കമ്പനിയും സഹായം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി എന്താണ് എഴുതിയതെന്ന് പരിശോധിക്കാം. പക്ഷേ, തന്‍റെയും ടീമിന്‍റെയും സന്ദർശനത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയത് എംബസിയാണ്. അവ‍ർ പറഞ്ഞ ചട്ടങ്ങൾക്ക് അനുസൃതമായാണ് സന്ദർശനം നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേസമയം, മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് സന്ദര്‍ശനത്തിന്‍റെ എല്ലാ ചെലവും വഹിച്ചത് എംബസിയെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിന് നെതര്‍ലന്‍ഡ്‍സിലെ ഇന്ത്യൻ എംബസിയുടെ കത്ത്. തങ്ങളുടെ അറിവിൽ ഒരു ഡച്ച് കമ്പനിയും മുഖ്യമന്ത്രിയ്ക്കും പ്രതിനിധി സംഘത്തിനും അതിഥേയത്വം ഒരുക്കിയിട്ടില്ലെന്നും എംബസി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

ഇതിനിടെ, വിയോജനക്കുറിപ്പ് എഴുതിയതിൽ ജലവകുപ്പ് നൽകിയ വിശദീകരണവും പുറത്തുവന്നു, പ്രസ്താവന ഇങ്ങനെ:

''ജലവിഭവ വകുപ്പിലേയ്ക്ക് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പ്രോജക്ടുകളുടെ ടെക്നിക്കല്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്‍റ്സ്നെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള താല്‍പര്യപത്രം ക്ഷണിക്കാനുള്ള നടപടിക്രമങ്ങളെ സംബന്ധിച്ചാണ് ആരോപണമുന്നയിച്ചിട്ടുള്ളത്. പ്രോജക്ടുകള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കാനാണ് കണ്‍സള്‍ട്ടന്‍റുകളെ നിയമിക്കാന്‍ നടപടിക്രമം ആരംഭിച്ചത്. ടെന്‍ഡര്‍ ഇവാല്യുവേഷന്‍ കമ്മിറ്റി മെയ് 31, 2019ന് ചേരുകയും 6 സ്ഥാപനങ്ങളുടെ ഷോര്‍ട്ട്ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

ബിഡ്ഡുകള്‍ തുറക്കുന്നതിനു മുമ്പ് അന്താരാഷ്ട്ര പ്രോജക്ടുകളുടെ അനുഭവ പരിചയത്തെ ഇന്ത്യന്‍ പ്രോജക്ടുകളുടെ അനുഭവപരിചയമായി പരിഗണിക്കാമോ എന്ന സ്പഷ്ടീകരണം റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിനോട് ആവശ്യപ്പെട്ടു. അവര്‍ നല്‍കിയ അഭിപ്രായം അന്താരാഷ്ട്ര പ്രോജക്ടുകളിലെ അനുഭവപരിചയം ഇന്ത്യന്‍ പ്രോജക്ടുകളിലെ അനുഭവപരിചയത്തിനു തുല്യമായി പരിഗണിക്കാന്‍ കഴിയില്ല എന്നാണ്. ഈ അഭിപ്രായം സഹിതമാണ് ഫയല്‍ ചംക്രമണം ചെയ്യപ്പെട്ടത്. ഫയലിലെ കുറിപ്പുകളില്‍ 6 സ്ഥാപനങ്ങളെയും പരിഗണിക്കണോ, അതോ നിഷ്കര്‍ഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിട്ടുള്ള നിറവേറ്റുന്ന 4 സ്ഥാപനങ്ങളെ പരിഗണിച്ചാല്‍ മതിയോ എന്നാണ്.

അഡീഷണല്‍ ചീഫ് സെക്രട്ടറി, ജലവിഭവം (ഫെബ്രുവരി 24, 2020 ന് ഡോ. വിശ്വാസ് മേത്ത) രേഖപ്പെടുത്തിയ അഭിപ്രായം 6 സ്ഥാപനങ്ങളെയും തുടര്‍പ്രക്രിയയ്ക്ക് പരിഗണിക്കാമെന്നാണ്. അദ്ദേഹം പറഞ്ഞ ഒരു അഭിപ്രായം നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ച വേളയില്‍ ഈ സ്ഥാപനങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു എന്നാണ്. ഇവരെ ഒഴിവാക്കുന്നത് ഡച്ച് ഗവണ്‍മെന്‍റുമായുള്ള ബന്ധത്തിന് നല്ല സന്ദേശം നല്‍കില്ല എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇതിനെയാണ് യാത്രയെ സഹായിച്ചു എന്ന വ്യാജ ആരോപണമായി ഉയര്‍ത്തുന്നത്. കേരളത്തിലെ ജലവിഭവ പരിപാലനത്തെപ്പറ്റി നെതര്‍ലാന്‍ഡ്സ് യാത്രയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു എന്ന് യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തന്നെ പത്രസമ്മേളനം നടത്തി അിറിയിച്ചിരുന്നതാണ്.

6 സ്ഥാപനങ്ങളെയും RKIയുടെ കീഴിലുള്ള Tender Evaluation Committee ശുപാര്‍ശ ചെയ്തിട്ടുണ്ട്. RKIയുടെ Tender Evaluation Committee ശുപാര്‍ശ ചെയ്ത 6പേരിൽ നിന്ന് RFP വാങ്ങണമോ അതോ 4 പേരിൽ നിന്നും മാത്രം വാങ്ങിയാൽ മതിയോ എന്നതിൽ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല''

Follow Us:
Download App:
  • android
  • ios