കൊച്ചി: കാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം പാലാത്തിൻ്റെ പുനർനിർമ്മാണജോലികൾ ആരംഭിക്കുന്നു. പാലം പുനർനിർമ്മിക്കുന്നതിനായുള്ള പ്രാഥമിക ജോലികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് കോഴിക്കോട് ആസ്ഥാനമായനിർമ്മാണ കമ്പനി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി അറിയിച്ചു. 

പാലത്തിലെ ടാറ് ഇളകി മാറ്റുന്ന ജോലിയാവും ആദ്യം ചെയ്യുക. പാലം പുന‍ർ നിർമ്മാണത്തിൻ്റെ സമയക്രമം ഇന്ന് തീരുമാനിക്കും. പൊതുജനവികാരവും സ‍ർക്കാർ നിർദേശവും കണക്കിലെടുത്താണ് പാലം പുന‍ർനിർമ്മാണം അടിയന്തരമായി ആരംഭിക്കാൻ ഊരാളുങ്കൽ സൊസൈറ്റി തീരുമാനിച്ചത്. 

മെട്രോമാൻ ഇ.ശ്രീധരനാണ് പാലം പുനർനിർമ്മാണത്തിൻ്റെ മേൽനോട്ടം വഹിക്കുക. തൻ്റെ നേതൃത്വത്തിൽ പറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റു ജോലികൾക്ക് നൽകിയ തുകയിൽ ബാക്കി വന്ന പണം ഉപയോഗിച്ച് പണി തുടങ്ങുമെന്നാണ് ശ്രീധരൻ അറിയിച്ചത്.