സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം ഇതിന് മുമ്പ് 80ന് മുകളിൽ പോയത് ആകെ 1987ൽ മാത്രമാണ്. 80.58 ശതമാനം സ്ത്രീകൾ അന്ന് ബൂത്തിലെത്തി. പുരുഷ- സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനക്കണക്ക് തമ്മിൽ ഇത്രയും വ്യത്യാസം വരുന്നതും ആദ്യമാണ്.

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ പോളിങ് കണക്കിൽ റെക്കോർഡ്. സംസ്ഥാനത്ത് സ്ത്രീ വോട്ടർമാരുടെ ഏറ്റവും ഉയർന്ന പോളിങ് ശതമാനം ഈ വർഷം രേഖപ്പെടുത്തി. ആകെയുളള സ്ത്രീ വോട്ടർമാരിൽ 81.19 ശതമാനം പേർ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരുടേത് 75.19 ശതമാനം മാത്രമാണ്. മുന്നണികളുടെ വാഗ്ദാനങ്ങളും ക്ഷേമപദ്ധതികളും മുതൽ രാഷ്ട്രീയ കാരണങ്ങളും സ്ത്രീകൾ കൂട്ടത്തോടെ ബൂത്തിലെത്താൻ ഇടയാക്കിയെന്നാണ് വിലയിരുത്തൽ.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. 81.19 ശതമാനം സ്ത്രീ വോട്ടർമാർ പോളിങ് ബൂത്തിലെത്തി.തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ നൽകിയ കണക്കനുസരിച്ച്. ആകെയുളള 1,39,21,868 സ്ത്രീ വോട്ടർമാരിൽ ‍1,13,03,164 പേർ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരുടെ പോളിങ് ശതമാനം 75.19. പുരുഷ- സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം തമ്മിൽ ആറ് ശതമാനം വ്യത്യാസം. വോട്ട് കണക്ക് നോക്കിയാൽ പുരുഷ വോട്ടർമാരേക്കാൾ 13.6 ലക്ഷം കൂടുതൽ സ്ത്രീ വോട്ടർമാർ വോട്ട് ചെയ്തു. 

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം 73.94 ആയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് 71.86 ശതമാനം. അതിനെക്കാൾ പത്ത് ശതമാനത്തോളം വർധനയാണ് ഇക്കുറി. സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം ഇതിന് മുമ്പ് 80ന് മുകളിൽ പോയത് ആകെ 1987ൽ മാത്രമാണ്. 80.58 ശതമാനം സ്ത്രീകൾ അന്ന് ബൂത്തിലെത്തി. പുരുഷ- സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനക്കണക്ക് തമ്മിൽ ഇത്രയും വ്യത്യാസം വരുന്നതും ആദ്യമാണ്.

എന്തായിരിക്കാം സ്ത്രീകൾ കൂട്ടത്തോടെ ബൂത്തിലെത്താൻ കാരണം?

എൽ‍ഡിഎഫ് സർക്കാർ നേട്ടമായി അവതരിപ്പിച്ച ക്ഷേമപെൻഷനാണോ? 35നും അറുപതിനും ഇടയിൽ പ്രായമുളള മറ്റ് ആനുകൂല്യങ്ങൾ കിട്ടാത്ത സ്ത്രീകൾക്കായി പ്രഖ്യാപിച്ച പെൻഷൻ പദ്ധതിയാണോ? അൻപത് ശതമാനം സ്ത്രീകൾക്കും തൊഴിലെന്ന വാഗ്ദാനമാണോ? ഇന്ദിരാ ഗ്യാരന്‍റിയിലൂടെ വനിതകളെ ആകർഷിക്കാനുളള യുഡിഎഫ് നീക്കം ഫലം കണ്ടോ? കെഎസ്ആർടിസി ബസിൽ സൗജന്യ യാത്രയും കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രൂപ പ്രതിമാസ സഹായവും വാഗ്ദാനം ചെയ്തത് ക്ലിക്കായതാണോ? വിലക്കയറ്റമുൾപ്പെടെ വിഷയങ്ങൾ സ്വാധീനിച്ചതാണോ?

ബിഹാറിലെ സമീപകാല അനുഭവം നോക്കാം

നിതീഷ് കുമാർ സർക്കാർ 2025ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പതിനായിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിലെത്തിച്ചു. സംരംഭങ്ങൾ തുടങ്ങി വിജയിച്ചാൽ രണ്ട് ലക്ഷം രൂപ പിന്നീട് നൽകുമെന്നും വാഗ്ദാനം ചെയ്തു. ഒന്നരക്കോടി സ്ത്രീകൾക്ക് അതിന്‍റെ ഗുണം കിട്ടി. കൂട്ടത്തോടെ സ്ത്രീകൾ ബൂത്തിലെത്തി. നിതീഷ് സർക്കാർ വീണ്ടും അധികാരത്തിലെത്തി. ഓഫറുകളുടെ സമാന ഇംപാക്റ്റ് കേരളത്തിലും ഉണ്ടാകുമോ? പക്ഷേ, വാഗ്ദാനങ്ങളോ സൗജന്യങ്ങളോ കണ്ട് മാത്രം വോട്ട് ചെയ്യുന്നവരായി കേരളത്തിലെ സ്ത്രീകളെ കാണരുത്. ആൺപെൺ വ്യത്യാസമില്ലാതെ തികഞ്ഞ രാഷ്ട്രീയ ബോധ്യം വോട്ടിലും തെളിയിക്കും മലയാളി. എങ്ങനെ,ഏത് വഴിക്ക് പെൺവോട്ട് ചലനമുണ്ടാക്കിയെന്ന് മെയ് നാലിന് വ്യക്തമാകും.

റെക്കോർഡ് ഇട്ട് കേരളത്തിലെ സ്ത്രീ വോട്ടർമാർ, ഈ വർഷത്തേത് ഏറ്റവും ഉയർന്ന പോളിങ് ശതമാനം