Asianet News MalayalamAsianet News Malayalam

Covid 19 : മുന്‍പ് നടന്ന മരണങ്ങളില്‍ വലിയ വര്‍ധന; കേരളം വലിയ രീതിയില്‍ കൊവിഡ് മരണങ്ങള്‍ മറച്ചു

കഴിഞ്ഞ മൂന്നുമാസങ്ങളിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ പേരില്‍ വലിയ വര്‍ധനവാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 8684 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മുന്‍പുള്ള മരണങ്ങളുടേതായി കേരളത്തിന്‍റെ പട്ടികയില്‍ ഇടം പിടിച്ചത്. വലിയ രീതിയില്‍ കൊവിഡ് മരണങ്ങള്‍ മറച്ചുവച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. 

Records shows  backlog of reporting covid 19 deaths in Kerala
Author
Thiruvananthapuram, First Published Nov 24, 2021, 5:50 PM IST

രാജ്യത്തെ കൊവിഡ് (Covid 19) പ്രതിരോധത്തില്‍ സംസ്ഥാനം മുന്നിലാണെന്ന് വിശദമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍(Kerala Government) മുന്നോട്ട് വച്ച കൊവിഡ് മരണങ്ങളുടെ (Covid Death) കണക്കില്‍ വ്യാപകമായ തിരിമറിയെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ രംഗത്തെ ജാഗ്രതയാണ് മരണനിരക്ക് ഉയരാതെ കാത്തതെന്ന് സംസ്ഥാനം വാദിക്കുമ്പോഴും കണക്കുകള്‍ വ്യക്തമാക്കുന്നത് മറ്റൊന്നാണ്. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ (Covid Case) റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ രാജ്യത്തെ കൊവിഡ് കേസുകളുടെ 6.2 ശതമാനവും കേരളത്തിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രാജ്യത്തെ കൊവിഡ് മരണനിരക്കുകളില്‍ 1.4 ശതമാനം മാത്രമായിരുന്നു കേരളത്തില്‍ നിന്നുള്ളത്. മെയ് മാസത്തില്‍ കൊവിഡ് കേസുകള്‍ 10.6 ശതമാനമായി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 2.8 ശതമാനമായാണ് ഉയര്‍ന്നത്.

എന്നാല്‍ കഴിഞ്ഞ മൂന്നുമാസങ്ങളിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ പേരില്‍ വലിയ വര്‍ധനവാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 8684 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മുന്‍പുള്ള മരണങ്ങളുടേതായി കേരളത്തിന്‍റെ പട്ടികയില്‍ ഇടം പിടിച്ചത്. വലിയ രീതിയില്‍ കൊവിഡ് മരണങ്ങള്‍ മറച്ചുവച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. ഓഗസ്റ്റ് മാസത്തില്‍ രാജ്യത്തെ കൊവിഡ് മരണങ്ങളില്‍ 26.9 ശതമാനവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സെപ്തംബറില്‍ ഇത് 45.2 ശതമാനവും ഒക്ടോബറില്‍ ഇത് 64.7 ശതമാനവും നവംബറില്‍ 77.4 ശതമാനവുമായി ഉയര്‍ന്നു.

കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുന്നതിനിടയിലാണ് കേരളത്തിലെ ഈ കള്ളക്കണക്കുകളെന്നത് ഞെട്ടിപ്പിക്കുന്നതാണ്. സമാനമായ ആരോപണം സംസ്ഥാന സര്‍ക്കാര്‍ നേരത്തെയും നേരിട്ടിരുന്നു അന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെയാണ് കൊവിഡ് മരണം നിശ്ചയിക്കുന്നതെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ ആരോപണം ശക്തമായതിന് പിന്നാലെ സംസ്ഥാനതലത്തിൽ നിന്നും മരണം റിപ്പോർട്ട് ചെയ്യുന്നത് ജില്ലാതലത്തിൽ ഓൺലൈനാക്കി മാറ്റിയതിന് മുൻപുള്ള മരണങ്ങളെന്ന പേരില്‍ 7000 മരണങ്ങള്‍ സംസ്ഥാനത്തിന്‍റെ പട്ടികയില്‍ ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

മേനി നടിക്കാന്‍ സര്ക്കാര്‍ കൊവിഡ് മരണങ്ങള്‍ ഒളിപ്പിക്കുന്നുവെന്ന് രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം ആരോപിച്ചത്. മാര്‍ച്ച് 2020 മുതല്‍ ജൂണ്‍ 2021 വരെയുള്ള കാലഘട്ടങ്ങളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും സംസ്ഥാനത്തിന് വീഴ്ച വന്നുവെന്ന് വിശദമാക്കുന്നതാണ് ഒടുവിലായെത്തുന്ന കണക്കുകള്‍. മേയ് മാസത്തിലാണ് ഏറ്റവുമധികം കൊവിഡ് മരണങ്ങള്‍ കണക്കില്‍ ഇടം പിടിക്കാതെ പോയതെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വിശദമാക്കിയിരുന്നു.

കൊവിഡ് മരണങ്ങൾ ഒഴിവാക്കുന്നതിനോടുള്ള വിമർശനങ്ങളോട്, എല്ലാം മാർഗനിർദേശമനുസരിച്ചാണെന്നും കൃത്യമാണെന്നും പറഞ്ഞ സർക്കാർ ഒന്നും മനപ്പൂർവമായിരുന്നില്ലെന്ന് പറഞ്ഞതിനും സംസ്ഥാനം സാക്ഷിയായതാണ്. രേഖകള്‍ പരിശോധിച്ചപ്പോഴാണ് പട്ടികയ്ക്ക് പുറത്തായ കൊവിഡ് മരണങ്ങളുടെ കാര്യം വ്യക്തമായതെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മാധ്യമങ്ങളോട് ഈ വിഷയത്തില്‍ നേരത്തെ പ്രതികരിച്ചത്.   

Follow Us:
Download App:
  • android
  • ios