രാവിലത്തെ സാഹചര്യം കൂടി പരിശോധിച്ച ശേഷമാകും ഡാം തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക
ബത്തേരി: വയനാട് ബാണാസുരസാഗർ ഡാമിൽ ഇന്ന് രാത്രിയോടെ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. രാവിലത്തെ സാഹചര്യം കൂടി പരിശോധിച്ച ശേഷമാകും ഡാം തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക. ജലനിരപ്പ് വീണ്ടും ഉയർന്നാൽ രണ്ട് ഷട്ടറുകൾ 10 മുതൽ 20 സെന്റീമീറ്റർ വീതം തുറക്കും. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇടുക്കി അണക്കെട്ട് നാളെ തുറക്കും: ഉയർത്തുന്നത് ഒരു ഷട്ടർ മാത്രം
ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് നാളെ തുറക്കും. അണക്കെട്ടിൻ്റെ അഞ്ച് ഷട്ടറുകളിൽ ഒന്ന് 70 സെമീ ഉയർത്തുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായി അഞ്ച് വില്ലേജുകളിൽ മൈക്ക് അനൌണ്സമെൻ്റ് നടത്തും. ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ള 79 കുടുംബങ്ങളെ ആവശ്യം എങ്കിൽ മാറ്റി പാർപ്പിക്കും. വളരെ കുറച്ച് ജലം മാത്രമേ പുറത്തു വിടൂവെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ പറഞ്ഞു. ഡാം തുറക്കുന്നതിന് മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കളക്ടർ വ്യക്തമാക്കി.
മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം: ചാലക്കുടിയിൽ അതീവ ജാഗ്രത
തൃശ്ശൂർ: വാല്‍പ്പാറ, ചാലക്കുടി പ്രദേശങ്ങളില്‍ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. ക്യാമ്പുകള്‍ രണ്ട് ദിവസം കൂടി തുടരണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. മാറ്റിപാര്‍പ്പിക്കുന്നതിന്റെ ഭാഗമായി ബന്ധു വീട്ടുകളിലേക്ക് പോയവര്‍ അവിടെ തന്നെ തുടരുന്നുണ്ടെന്നും തിരിച്ചു വന്നിട്ടില്ലെന്നും ഉറപ്പു വരുത്തണമെന്ന് ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ച ബോട്ടുകള്‍ ഒരുദിവസം കൂടി തുടരാനും കലക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ചാലക്കുടി എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫ്, നഗരസഭാധ്യക്ഷന്‍ എബി ജോര്‍ജ്, തഹസില്‍ദാര്‍ എന്‍ രാജു, വിവിധ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
