തിരുവനന്തപുരം: കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാറെയും ഡെപ്യൂട്ടി രജിസ്ട്രാറെയും വിവരാവകാശ നിയമം പഠിപ്പിക്കാൻ വിടണമെന്ന് ഉത്തരവ്. വിവരാവകാശ കമ്മീഷണർ ഡോ.കെ.എൽ വിവേകാനന്ദന്റേതാണ് ഉത്തരവ്. സർവ്വകലാശാലയിലെ അധ്യാപകൻ ഡോ.പ്രതാപൻ നൽകിയ പരാതിയിലാണ് നടപടി. നിരവധി പ്രാവശ്യം വിവരാവകാശ പ്രകാരം രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനാണ് ഈ ശിക്ഷ.

കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർക്കാണ് നിർദ്ദേശം. കേരള സർവകലാശാല രജിസ്ട്രാർക്കും ജോയിന്റ് രജിസ്ട്രാർക്കും സമാനമായ നിലയിൽ വിവരാവകാശ നിയമം സംബന്ധിച്ച് പരിശീലനം നൽകാൻ കഴിഞ്ഞ നവംബറിൽ അന്നത്തെ വിവരാവകാശ കമ്മീഷണർ വിൻസന്റ് എം പോൾ നിർദ്ദേശം നൽകിയിരുന്നു. സർവകലാശാലകളുടെ തലപ്പത്തുള്ളവർ നിയമത്തിന്റെ കാര്യത്തിൽ അജ്ഞതയും അലസതയും പ്രകടിപ്പിക്കുന്നതിൽ വിവരാവകാശ കമ്മീഷണർ അതൃപ്തി രേഖപ്പെടുത്തി.

താനുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ സർവകലാശാല നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് പ്രൊഫസർ പ്രതാപൻ വിവരാവകാശ നിയമ പ്രകാരം തേടിയത്. ഈ പരാതിയിൽ എസ്പിഐഒ നിയമപ്രകാരം നടപടിയെടുത്തുമെന്നും നിയമാനുസൃതം മറുപടി നൽകിയെന്നും പരാതിക്ക് ഡപ്യൂട്ടി രജിസ്ട്രാർ വിവരാവകാശ കമ്മീഷണർക്ക് മറുപടി നൽകി. എന്നാൽ നിയമം അനുശാസിക്കുന്ന സമയ പരിധിക്കുള്ളിലല്ല മറുപടി നൽകിയതെന്ന് വിവരാവകാശ കമ്മീഷണർക്ക് ബോധ്യപ്പെട്ടു. 

അപേക്ഷകൻ ആവശ്യപ്പെട്ട വിവരം നൽകാതിരിക്കാൻ അതുമായി യാതൊരു വിധത്തിലും ബന്ധപ്പെടാത്ത വിവരാവകാശ നിയമത്തിന്റെ 8(1)(b) വകുപ്പ് ചൂണ്ടിക്കാട്ടിയതും ഉന്നത ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായി. വിവരാവകാശ നിയമപ്രകാരം മറുപടി കൊടുക്കാതിരിക്കാനും ഒട്ടും പ്രസക്തമല്ലാത്ത വിധം നിയമം ദുർവ്യാഖ്യാനം ചെയ്യാനും ഡപ്യൂട്ടി രജിസ്ട്രാർ ശ്രമിച്ചു. ഇതിലൂടെ ഈ രണ്ട് ഉദ്യോഗസ്ഥർക്കും നിയമത്തെ കുറിച്ച് ഒരു ധാരണയുമില്ലെന്ന് മനസിലായെന്നും അതിനാലാണ് നടപടിയെന്നും കമ്മീഷണർ പ്രസ്താവനയിൽ പറഞ്ഞു. നടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഇരുവർക്കും സമയം അനുവദിച്ചിട്ടുണ്ട്.