പോറ്റിയെക്കുറിച്ച് ആദ്യം കേൾക്കുന്നത് ശബരിമല വിവാദങ്ങളിലൂടെയാണ്. ഇനിയും അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
ദില്ലി: അടൂർ പ്രകാശിന് മറുപടിയുമായി ജോൺ ബ്രിട്ടാസ് എംപി. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. പോറ്റിയെക്കുറിച്ച് ആദ്യം കേൾക്കുന്നത് ശബരിമല വിവാദങ്ങളിലൂടെയാണ്. ഇനിയും അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. അടൂർ പ്രകാശിന്റേത് ഉണ്ടയില്ല വെടിയാണെന്നും നുണ പറയുമ്പോൾ യുക്തിയോടെ പറയണമെന്നും അദ്ദേഹം പരിഹസിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ ബന്ധമുണ്ടെന്നും ഇതിൽ എസ്ഐടി അന്വേഷണം വേണമെന്നും അടൂര്‍ പ്രകാശ് എംപി ആവശ്യപ്പെട്ടിരുന്നു. പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള എല്ലാ ഫോൺ രേഖകളും എസ്ഐടി പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ജോൺ ബ്രിട്ടാസിന്‍റെ മറുപടി. ജയിലിൽ പോകുന്നതിന് മുമ്പ് പോറ്റി അടൂർ പ്രകാശിനെയാണോ ഫോൺ ഏല്പിച്ചതെന്ന് ബ്രിട്ടാസ് ചോദിച്ചു. പോറ്റി മാത്രമല്ല ഗോവർധനും പങ്കജ് ബന്ധരിയും അടൂർ പ്രകാശിനൊപ്പം ചിത്രങ്ങളിലുണ്ട്. എങ്ങനെയാണ് ഇവരെല്ലാം 10 ജൻപഥിൽ കയറി വിരകുന്നത്. സോണിയ ഗാന്ധിയെ അടൂർ പ്രകാശ് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പോറ്റി സോണിയ ഗാന്ധിയെ കണ്ട സമയത്ത് എങ്ങനെയാണ് ഗോവർധനും പങ്കജ് ഭണ്ഡാരിയും ഒപ്പം എത്തിയതെന്നും ജോൺ ബ്രിട്ടാസ് ചോദിക്കുന്നു. അടൂർ പ്രകാശ് പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ല. അടൂർ പ്രകാശിന്റേത് വിഭ്രാന്തി മൂലമുള്ള ജൽപ്പനങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു. സോണിയ ഗാന്ധി അയ്യപ്പ വിശ്വാസിയാണെങ്കിൽ എന്തുകൊണ്ട് ശബരിമല സന്ദർശിക്കുന്നില്ലെന്നും പോറ്റിയെ അയ്യപ്പന്റെ പ്രതിപുരുഷൻ ആക്കിയത് ആരാണെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.



