തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ സംസ്ഥാനത്ത് തുറക്കുന്ന ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും മാളുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. 

'ഹോട്ടല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി, റസ്റ്റോറന്‍റ്, ഷോപ്പിഗ് മാളുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍, താപപരിശോധന എന്നിവ നിര്‍ബന്ധമാണ്. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും സ്റ്റാഫിനും ഗസ്റ്റിനും രോഗലക്ഷണങ്ങളുണ്ടാവരുത്. ജോലിക്കാരും അതിഥികളും മുഖാവരണം ധരിക്കണം. അകത്തേക്കും പുറത്തേക്കും പ്രവേശിക്കുന്നതിന് പ്രത്യേകം സംവിധാനം ഒരുക്കണം. കയറുന്നതും ഇറങ്ങുന്നതും ഒരേസമയം പാടില്ല. ലിഫ്റ്റില്‍ ആളെ പരിമിതപ്പെടുത്തുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം'. 

'എത്തുന്നവരുടെ പേരും ഫോണ്‍ വിവരങ്ങളും രേഖപ്പെടുത്തണം. പേയ്‌മെന്‍റ് ഓണ്‍ലൈന്‍ വഴിയാക്കേണ്ടതാണ്. ലഗേജ് അണുവിമുക്തമാക്കുണം. കണ്ടൈന്‍മെന്‍റ് സോണുകള്‍ സന്ദര്‍ശിക്കരുത് എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കണം. ഭക്ഷണം റൂമിന്‍റെ വാതില്‍ക്കല്‍ വയ്‌ക്കുന്നതാണ് നല്ലത്. എസി 24-30 ഡിഗ്രയില്‍ പരിമിതപ്പെടുത്തണം. ഹോട്ടലുകളുടെയും റസ്റ്റോറന്‍റുകളുടെയും പരിസരവും ശൗചാലയവും അണുമുക്തമാക്കണം. റസ്റ്റോറന്‍റില്‍ പൊതു നിബന്ധനങ്ങള്‍ക്ക് പുറമോ ഹോം ഡെലിവറി അനുവദനീയമാണ്, അത് പരമാവധി പ്രോത്സാഹിപ്പിക്കണം. ഹോം ഡെലിവറി നടത്തുന്നവരുടെ താപരിശോധന നടക്കണം. ഡിസ്‌പോസിബിള്‍ മെനു ഉപയോഗിക്കണം. പേപ്പര്‍ നെപ്‌കിനുകള്‍ ഉപയോഗിക്കണം. മാസ്‌ക്കും കയ്യുറയും ധരിക്കണം. റസ്റ്റോറന്‍റുകളില്‍ സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആള്‍ മാത്രമേ പാടുള്ളൂ'

ഓഫീസുകള്‍ക്കും തൊഴില്‍സ്ഥലങ്ങള്‍ക്കമുള്ള നിര്‍ദേശങ്ങള്‍

ഓഫീസുകളില്‍ സാധാരണ സന്ദര്‍ശക പാസ് അനുവദിക്കില്ല. മതിയായ സ്‌ക്രീനിംഗിന് ശേഷം പാസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പാസ് അനുവദിക്കും. കണ്ടൈന്‍മെന്‍റ് സോണിലെ ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കരുത്. വാഹനത്തിന്‍റെ സീറ്റുകള്‍, താക്കോല്‍, വളയം എന്നിവ അണുവിമുക്തമാക്കണം. പ്രായമായവര്‍ക്കും രോഗികള്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം. യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കണം. ഇടവേളകള്‍ വ്യത്യസ്ത സമയങ്ങളിലാക്കണം. പ്രവേശനത്തിനും പുറത്തുപോകുന്നതിനും പ്രത്യേകം വഴികള്‍ വേണം. അടുക്കളയില്‍ സ്റ്റാഫ് സാമൂഹിക അകലം പാലിക്കണം. ആരെങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ പ്രത്യേക സ്ഥലത്തേക്ക് മാറ്റി വൈദ്യസഹായം നല്‍കണം. ഓഫീസില്‍ വരാന്‍ കഴിയാത്ത ജീവനക്കാര്‍ അതത് ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണം. ഇത് വകുപ്പ് തലവന്‍മാര്‍ ഉറപ്പാക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണം' എന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ന് 111 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗവ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

പാലക്കാട്ട് ഇന്ന് 10 പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 18 പേര്‍ക്കാണ് രോഗബാധ. പത്തനംതിട്ടയിൽ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം, 22 പേരുടെ പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.