അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിൽ വ്യാപക വിമർശനം നേരിടുന്ന കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ വിവരം അറിയിക്കണം
തിരുവനന്തപുരം: അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശമുള്ളതായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഒരു മണിക്കൂർ മുമ്പെങ്കിലും ലോഡ് ഷെഡ്ഡിങ് വിവരം ഉപഭോക്താക്കളെ അറിയിക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടു. മൺസൂൺ ശക്തിപ്പെടുമ്പോൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടു.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്. അതേസമയം ആവർത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമർപ്പിച്ചില്ലെന്നും ഉത്തരവിൽ വിമർശനമുണ്ട്. കെഎസ്ഇബി പവർ എക്സ്ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമര്‍ശനം.
മുൻ വർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയതെന്ന് കെഎസ്ഇബി പറയുന്നു. കാലവർഷത്തിൽ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവിൽ കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ സംഭരണ ശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജലസംഭരണികളിൽ 58.58 % വെള്ളം ഉണ്ടായിരുന്നു. എൽ നിനോ പ്രതിഭാസത്തിന്‍റെ സ്വാധീനത്തെത്തുടർന്ന് രാജ്യത്താകെ അന്തരീക്ഷ താപനില ഉയർന്നതിനാൽ വൈദ്യുതി ആവശ്യകത ഗണ്യമായി വർധിക്കുകയും വൈദ്യുതി ലഭ്യതയിൽ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു.
