Asianet News MalayalamAsianet News Malayalam

'ശ്വാസം കിട്ടാതെ രോഗി ബുദ്ധിമുട്ടി, എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ തോന്നി'; മനസ് തുറന്ന് അശ്വിനും രേഖയും

'കാത്ത് നിൽക്കാൻ സമയമുണ്ടായിരുന്നില്ല. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന് എത്രയും പെട്ടന്ന് ഓക്സിജൻ ലഭ്യമാക്കുകയെന്ന് മാത്രമായിരുന്നു ലക്ഷ്യം. എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കാനായിരുന്നു ശ്രമം'

Rekha and aswin response to asianet news about punnapra covid patient hospital shift in bike incident
Author
Alappuzha, First Published May 8, 2021, 10:21 AM IST

ആലപ്പുഴ: പുന്നപ്രയിലെ കൊവിഡ് ഡൊമിസിലറി സെന്ററിൽ അവശനിലയിലായ രോഗിയെ സമയോജിത ഇടപെടലിലൂടെ ഇരുചക്രവാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് കൈയ്യടി നേടിയ അശ്വിനും രേഖയ്ക്കും അഭിനന്ദന പ്രവാഹമാണ്. ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ അതിഥികളായി എത്തിയ ഇരുവരും രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സാഹചര്യത്തെ കുറിച്ച് മനസ് തുറന്നു. 

അശ്വിനും രേഖയും പറയുന്നു ജീവന്റെ വിലയുള്ള ആ നിമിഷങ്ങളെ കുറിച്ച് 

'കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡൊമിസിലറി കേയർ സെന്ററിൽ എത്തിയപ്പോഴാണ് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന രോഗിയുടെ കാര്യം ശ്രദ്ധയിൽപ്പെട്ടതെന്ന് അശ്വിനും രേഖയും പറയുന്നു. ആംബുലൻസുമായി ബന്ധപ്പെട്ടപ്പോൾ എല്ലാവരും രോഗികളുമായി ഓട്ടത്തിലാണെന്നും താമസമുണ്ടെന്നും എത്താൻ 10 മിനിറ്റെങ്കിലും എടുക്കുമെന്നും പറഞ്ഞു. കാത്ത് നിൽക്കാൻ സമയമുണ്ടായിരുന്നില്ല. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന് എത്രയും പെട്ടന്ന് ഓക്സിജൻ ലഭ്യമാക്കുകയെന്ന് മാത്രമായിരുന്നു ലക്ഷ്യം. 

എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കാനായിരുന്നു ശ്രമം. തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഡൊമിസിലറിയിൽ നിന്നും 5 മിനിറ്റ് ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടാണ് മറ്റൊന്നും നോക്കാതെ ബൈക്കിലെത്തിക്കാൻ ശ്രമിച്ചത്. ആശുപത്രിയിലെത്തിച്ച് ഉടനെ പ്രഥമിക ചികിത്സ നൽകി. അതിന് ശേഷം അദ്ദേഹത്തെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി'. കളക്ട്രേറ്റിലേക്ക് അടക്കം വിളിക്കുന്നത് സമയം നഷ്ടമായേക്കുമെന്ന് കരുതിയാണ് പെട്ടന്ന് തന്നെ ആംബുലൻസ് ഡ്രൈവർമാരെ ബന്ധപ്പെടാൻ ശ്രമിച്ചതെന്നും ഇരുവരും കൂട്ടിച്ചേർത്തു.

ആലപ്പുഴ ഫയർ ആന്റ് റെസ്ക്യൂവിന്റെ കീഴിലുള്ള സിവിൽ ഡിഫൻസ് സേനയിൽ പ്രവർത്തിച്ചുവരുന്ന രേഖ കൊവിഡിന്റെ തുടക്കം മുതൽ തന്നെ സന്നദ്ധ പ്രവർത്തനങ്ങളുമായി സജീവമാണ്. ഐടിഐ കഴിഞ്ഞ കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണ് അശ്വിൻ. ഇരുവരും ഡിവൈഎഫ്ഐ പ്രവർത്തകരാണ്. 

'ജീവനാണ് പ്രധാനം'; ആംബുലൻസ് വൈകിയപ്പോൾ കൊവിഡ് രോഗിയെ ബൈക്കിലെടുത്തവ‍ർ ഓ‍ർമ്മിപ്പിച്ചത് അതാണ്, അഭിനന്ദന പ്രവാഹം

അവശനിലയിലുള്ള രോഗിക്ക് പെട്ടന്ന് തന്നെ ചികിത്സ ലഭ്യമാക്കാൻ ഉണർന്ന് പ്രവർത്തിച്ച രേഖയ്ക്കും അശ്വിനും സോഷ്യൽ മീഡിയയിലടക്കം അഭിനന്ദന പ്രവാഹമാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖരും ഇരുവരെയും അഭിനന്ദിച്ചു. അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ച യുവാക്കളെ അഭിനന്ദിക്കുന്നുവെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേഷന വേളയിൽ പറഞ്ഞത്. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം തുടങ്ങിയവരും സോഷ്യൽ മീഡിയയിൽ ഇരുവരെയും അഭിനന്ദിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios