കണ്ണൂർ: ഇതര മതത്തിൽപെട്ട പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പൊലീസ് മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. കണ്ണൂർ ശ്രീകണ്ഠാപുരം പൊലീസിനെതിരെ കാസർഗോഡ് മുള്ളേരിയ സ്വദേശിയായ അജ്മലാണ് ഡിജിപിക്ക് പരാതി നൽകിയത്.

2018 മാർച്ചിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന അജ്മൽ ശ്രീകണ്ഠാപുരം സ്വദേശിയായ പെൺകുട്ടിയുമായാണ് അടുപ്പത്തിലായത്. ഇരുവരും ഒരുമിച്ച് ബൈക്കിൽ പോകുന്നതിനിടെ പെൺകുട്ടിയുടെ ബന്ധുക്കൾ തടയുകയും ശ്രീകഠ്ണാപുരം പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ജീപ്പിൽ വച്ചും സ്റ്റേഷനകത്ത് വച്ചും പൊലീസ് മർദ്ദിച്ചതായി അജ്മൽ പരാതിയിൽ പറ‍ഞ്ഞു. പൊലീസ് മർദ്ദനത്തിൽ തന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അജ്മൽ വ്യക്തമാക്കി.

അതേസമയം, സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് ശ്രീകണ്ഠാപുരം പൊലീസിന്‍റെ പ്രതികരണം. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കാസർഗോഡ് നടത്തിയ അദാലത്തിലാണ് അജ്മൽ പരാതി നൽകിയത്. പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപി ശ്രീകണ്ഠാപുരം പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.