ദില്ലി: ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി ഹരിയാനയിലെ ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‍സിന്‍റെ ബന്ധു. വ്യാഴാഴ്ച രാവിലെയോടെയാണ് മേദാന്ത ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇവര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചപ്പോള്‍ നേരിട്ട് വിളിച്ച് പറഞ്ഞ് അധികൃതര്‍ പേടിപ്പിച്ചെന്നും ആവശ്യത്തിന് അവധിയോ വിശ്രമമോ നല്‍കിയിരുന്നില്ലെന്നും ബന്ധു പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി മാസ്ക്കുകളും പിപിഇകിറ്റും നല്‍കിയിരുന്നില്ല. ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയില്‍ ആയിട്ടും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചില്ലെന്നും ബന്ധു പറഞ്ഞു. 

ആത്മഹത്യാശ്രമം നടത്തിയ നഴ്‍സിന് ഇന്നലെയാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയായിരുന്നു മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. എന്നാൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതുകൊണ്ടാണോ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇനിയും വ്യക്തമല്ല. മൂന്ന് മാസം മുമ്പാണ് കൊല്ലം സ്വദേശിനി ഇവിടെ ജോലിക്ക് ചേർന്നത്. നഴ്സിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രിയോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ജീവൻ നിലനിർത്തുന്നത് വെന്‍റിലേറ്റർ സഹായത്തോടെയാണെന്ന് മേദാന്ത ആശുപത്രി അധികൃതർ അറിയിച്ചു.