തിരുവനന്തപുരം: മരുതൂരിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറ്റുന്നതിൽ അനാസ്ഥ. സംസ്കരിക്കാൻ സ്ഥലം കിട്ടാതിരുന്നതിനാലാണ് വർക്കല സ്വദേശി ഉഷയുടെ മൃതദേഹം 13 മണിക്കൂർ വാർഡിൽ കിടന്നത്. ഉഷ മരിച്ച മരുതൂരിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറി സൗകര്യമുണ്ടായിരുന്നില്ല. ആശുപത്രി അധികതർ വർക്കല നഗരസഭയിൽ വിവരം അറിയിച്ചെങ്കിലും നഗരസഭ അധികൃതർ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല.

ബന്ധുക്കൾ പ്രതിഷേധിച്ചതോടെ വർക്കലയിലെ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. നഗരസഭക്ക് കീഴിൽ മൃതദേഹം സംസ്കരിക്കുന്നതിന് സൗകര്യമില്ലാത്തതിനാലാണ് ഏറ്റെടുക്കാതിരുന്നതെന്നാണ് വർക്കല നഗരസഭാ അധികൃതരുടെ വിശദീകരണം. ഒടുവിൽ തൈക്കാട് ശാന്തി കവാടത്തിൽ കൊവിഡ് മാനദണ്ഡ പ്രകാരം മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചു.