കൊല്ലം: അഞ്ചലില്‍ സർക്കിള്‍ ഇന്‍സ്പെക്ടര്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് ബന്ധുക്കളുടെ ആരോപണം. ആത്മഹത്യചെയ്യ്ത ദമ്പതികളുടെ മൃതദേഹം, ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി സർക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടിലേക്ക് കൊണ്ടുവരുത്തിച്ചെന്ന് ബന്ധുക്കള്‍ ആരോപിക്കിന്നു. സംഭവത്തെ കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അഞ്ചല്‍ സർക്കിള്‍ ഇന്‍സ്പെക്ടര്‍ സൂധിറിന് എതിരെയാണ്  ആരോപണം. 

ജൂണ്‍ മൂന്നിനാണ് അഞ്ചല്‍ സ്വദേശികളായ സുനില്‍ സുജിനി എന്നിവരുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്. സുജിനിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം സുനില്‍ ആത്മഹത്യ ചെയ്യതുവെന്നായിരുന്നു പൊലീസ് നിഗമനം . ഇന്‍ക്വസ്റ്റ് നടപടികളുടെ തുടക്കത്തില്‍  അഞ്ചല്‍ സർക്കില്‍ ഇന്‍സ്പെക്ടര്‍ സുധീര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. സുജിനിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയശേഷം സിപഐ മടങ്ങിപ്പോയി എന്നുബന്ധുക്കള്‍ പറയുന്നു. 

ഇന്‍ക്വസറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രേഖകളില്‍ സർക്കിള്‍ ഇന്‍സ്പെക്ടറുടെ ഒപ്പിനായി മൃതദേഹവുമായി ബന്ധുക്കള്‍ ആദ്യം അഞ്ചല്‍ സ്റ്റേഷനില്‍ എത്തി. എന്നാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നു. ഇന്‍ക്വസ്റ്റ് രേഖകളില്‍ ഒപ്പിടാന്‍  കടക്കലിലെ വിട്ടിലെത്താന്‍ ആവശ്യപ്പെട്ടനുസരിച്ച് അവിടയെത്തി നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
 
മൃതദേഹങ്ങളുമായി പതിനഞ്ച് കിലോമിറ്റര്‍ അകലെയുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടില്‍ പോയതായി അംബുലന്‍സ് ഡ്രൈവറും വ്യക്തമാക്കി. സംഭവത്തില്‍ ബന്ധുക്കള്‍ കൊട്ടാരക്കര റൂറല്‍ എസ്പിക്ക്  പരാതി നല്‍കി. എസ്പിയുടെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സിഐക്കെതിരെ  സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ദമ്പതികളുടെ മരണത്തില്‍ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.