അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു.
തിരുവനന്തപുരം: തലസ്ഥാനത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സൈനികനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് പൂന്തുറ സ്റ്റേഷന് മുന്നിൽ സൈനികന്‍റെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. കെൽവിനെ പൊലീസ് അന്യായമായി കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിയുമായി മെഡിക്കൽ പരിശോധനയ്ക്ക് പോയ വാഹനം തടഞ്ഞു. ഡ്യൂട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പൊലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിനും സൈനികനെതിരെ കേസെടുത്തു.
ഹെൽമറ്റില്ലാതെ യാത്ര ചെയ്ത കെൽവിൻ വെൽസിനെ പൊലീസ് കണ്‍ട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിലുണ്ടായിരുന്ന വനിത പൊലീസുകാരി തടഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെ ലൈഗിംക ചുവയുള്ള ആഗ്യം കാണിച്ച ശേഷം കെൽവിൻ അടുത്ത പെട്രോള്‍ പമ്പിൽ കയറിയതായി പൊലീസ് പറയുന്നു. കണ്‍ട്രോള്‍ റൂമിൽ നിന്നും വിവരമറിച്ചതിനെ തുടർന്ന് പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ്ഐമാർ ഉൾപ്പെടെ പൊലീസ് സംഘം സ്ഥലത്തെത്തി. കെൽവിൻ പൊലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ചപ്പോള്‍ പൊലീസ് ബലപ്രയോഗം നടത്തി. ഇതിനിടെയാണ് സൈനികൻ പൊലീസിനെ ആക്രമിച്ചത്. ആക്രമത്തിൽ എസ്ഐ വിഷ്ണുവിന്‍റെ കൈയ്ക്ക് പൊട്ടലുണ്ടായി. എസ്ഐ അനൂപിന് കടിയേറ്റു.
