കോഴിക്കോട് താമരശ്ശേരിയിൽ യുവാവ് ആത്മഹത്യ ചെയ്തത് ഒറ്റ നമ്പർ ലോട്ടറി മാഫിയയുടെ ഭീഷണി കൊണ്ടെന്ന് കുടുംബത്തിന്റെ പരാതി.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ യുവാവ് ആത്മഹത്യ ചെയ്തത് ഒറ്റയക്ക ലോട്ടറി ചൂതാട്ട മാഫിയയുടെ ഭീഷണി കൊണ്ടെന്ന് കുടുംബം. താമരശ്ശേരി കെടവൂര്‍ അനന്തുകൃഷ്ണയെയാണ് ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇരുപതു വയസുകാരനായ അനന്തുകൃഷ്ണയെ വീട്ടിലെ മുറിയില്‍ ഇന്നലെ വൈകിട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ ജീവിക്കാന്‍ ആകുന്നില്ല എന്നെഴുതിയ ആത്മഹത്യകുറിപ്പും കണ്ടെത്തിയിരുന്നു. കുറച്ചു കാലമായി താമരശ്ശേരിയിലെ ഒരു ലോട്ടറിക്കടയില്‍ ഇയാള്‍ ജോലി ചെയ്തുവരികയാണ്.

ഈ കടയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന മൂന്നക്ക എഴുത്തു ലോട്ടറി ചൂതാട്ട മാഫിയയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കടുംബം പറയുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഈ മാഫിയ സഘം യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് യുവാവ് സുഹൃത്തുക്കളോട് പങ്കുവെച്ചിട്ടുണ്ട്. തുടര്‍ച്ചയായുള്ള ഭീഷണി കാരണം ഇയാള്‍ക്ക് കുറച്ചു ദിവസം മുമ്പ് നാടുവിട്ട് പോവേണ്ടി വന്നിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

അനന്തു കൃഷ്ണയുടെ ഫോണും കണ്ടെത്താനായിട്ടില്ല. കുടുംബം നല്‍കിയ പരാതിയില്‍ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി ഭാഗത്ത് സമാന്തര ലോട്ടറി മാഫിയ തഴച്ചു വളരുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി പേരാണ് തട്ടിപ്പിന് ഇരകളാകുന്നത്.

Asianet News Live | EP Jayarajan | Palakkad By Poll | By-Election 2024 |ഏഷ്യാനെറ്റ് ന്യൂസ് |LIVE