തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവ് നൽകുന്നതിനെക്കുറിച്ച് നാളെ ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കേന്ദ്രത്തിന്‍റെ  തീരുമാനംകൂടി അറിഞ്ഞാവും കേരളം നടപടികൾ സ്വീകരിക്കുക. കൊവിഡ് തീവ്രമായി ബാധിച്ച ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഇളവ് വേണമെന്നാണ് കേരളത്തിന്‍റെ നിലപാട്. ഇക്കാര്യം പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. ഒറ്റയടിക്ക് വിലക്ക് പിൻവലിച്ചാൽ തിരിച്ചടിയാവുമെന്നാണ് കേരളത്തിന്‍റെ വിലയിരുത്തൽ.

അതേസമയം ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായിരുന്നു. കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. കാർഷിക മേഖലയ്ക്കും നിർമ്മാണ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കാം.

 സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും ഭാഗികമായി വീണ്ടും തുടങ്ങും. മന്ത്രിമാരോട് ഓഫീസുകളിൽ പ്രവർത്തനം തുടങ്ങാൻ നിർദ്ദേശം നല്‍കുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് വ്യക്തമാകും. മഹാരാഷ്ട്ര, തെലങ്കാന, കർണാടക, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇന്നലെ വൈകിട്ട് തന്നെ ഏപ്രിൽ മുപ്പത് വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നു.